| Thursday, 2nd August 2012, 2:16 pm

ആഭ്യന്തര മന്ത്രിക്കെതിരെ അധിക്ഷേപവുമായി ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ഫെയ്‌സ്ബുക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ ഫെയ്‌സ്ബുക്കില്‍. പി.എം മനോജ് ആണ് തന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് മെസേജ് ആയി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും താണ നിലവാരത്തില്‍ ഉള്ളതുമായ പരാമര്‍ശം പ്രസിദ്ധീകരിച്ചത്. []

പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതികരണം എന്ന നിലയ്ക്കാണ് ഇന്ന് രാവിലെ ഇത് വന്നിട്ടുള്ളത്.

ഇതിനെതിരെ ഫെയ്‌സ്ബുക്കില്‍ തന്നെ നിരവധി പേര്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. “കോട്ടയം ജില്ലയിലെ തിരുവഞ്ചൂരില്‍ 1949 ഡിസംബര്‍ 26ന് നടന്ന കുറ്റകൃത്യത്തില്‍ പങ്കാളികളായ കെ.പി. പരമേശ്വരന്‍പിള്ള, എം.ജി. ഗൗരിക്കുട്ടിയമ്മ എന്നിവര്‍ക്കും അത് അറിഞ്ഞിട്ടും തടയാതെ സഹായം ചെയ്തുകൊടുത്ത വയറ്റാട്ടി ചിരുതേവിക്കുമേതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാന്‍ സമീപഭാവിയില്‍ സാധ്യത.” എന്നാണ്‌ പി.എം മനോജ് എഴുതിയിരിക്കുന്നത്.

ഒരാളോടുള്ള വിയോജിപ്പ് അയാളുടെ അമ്മയെയും അച്ഛനെയും ചീത്ത പറയാന്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന മട്ടില്‍ കമന്റ് ചെയ്ത ഒരു സുഹൃത്തിന്‌
മറുപടി നല്‍കുമ്പോള്‍ തന്റെ പോസ്റ്റിനെ മനോജ് ഇങ്ങനെ ന്യായീകരിക്കുന്നു, “എവിടെ തെളിവ്? എന്താണ് തെളിവ്? കൊലയില്‍ പങ്കാളിത്തമില്ല, അതിനു നിര്‍ദേശം നല്‍കിയില്ല, ആക്രമണത്തില്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍ കിടക്കുമ്പോള്‍ സന്ദര്‍ശിച്ച ഒരാള്‍ ഫോണില്‍ പറയുന്നത് കേട്ട് എന്ന നിഗമനത്തില്‍ ഒരു സമുന്നത നേതാവിനെ അറസ്റ്റ് ചെയ്യുന്നു, അതില്‍ പ്രതിഷേധം ഉയരും എന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഇന്നും ഇന്നലെയും കേരളത്തില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അല്ലേ? അതിന്റെ നടത്തിപ്പുകാരന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അല്ലേ? ആ മനുഷ്യന്റെ ജന്മം തന്നെ ഒരു കുറ്റ കൃത്യം ആകുന്നത് അങ്ങനെയാണ്. അത് പറയുന്നത് മോശം ഭാഷയെങ്കില്‍ ഞാന്‍ അതങ്ങ് സഹിച്ചു.”


വ്യക്തിപരമായ അധിക്ഷേപവും അപകീര്‍ത്തിപരമായ പരാമര്‍ശവും ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തുക വഴി ഐ.ടി ആക്റ്റ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ് പി.എം മനോജ് നടത്തിയിരിക്കുന്നത്. ഇതില്‍ പോലീസ് നടപടി എടുക്കുമോ എന്ന് കാത്തിരുന്നു കാണാം.

We use cookies to give you the best possible experience. Learn more