ന്യൂദല്‍ഹി: കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കുമോയെന്ന തീരുമാനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും.
അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.
കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഈ വരുന്ന ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കുകയാണ്
ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
അതേസമയം, ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ടെങ്കിലും ഇത്തവണ നിരവധി മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവശ്യ സേവനങ്ങള്‍ ഒഴികെ അന്തര്‍സംസ്ഥാന യാത്രകള്‍ നിയന്ത്രിതമായി തുടരും. സ്‌കൂളുകളും കോളേജുകളും മതസ്ഥാപനങ്ങളും തുടര്‍ന്നും അടച്ചിടാന്‍ സാധ്യതയുണ്ട്.
നീണ്ടുനില്‍ക്കുന്ന ലോക്ഡൗണ്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള വന്‍ സാമ്പത്തിക തകര്‍ച്ച കണക്കിലെടുക്കുമ്പോള്‍, ചില മേഖലകളില്‍ പ്രത്യേക ഇളവ് അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിലൂടെ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനുള്ള സാധ്യതകള്‍ കുത്തനെ മാറ്റിമറിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ധനനയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് വ്യോമയാന മേഖലയാണ്. പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ക്രമേണ വിമാനക്കമ്പനികളെ അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ എല്ലാ ക്ലാസുകളിലും മിഡില്‍ സീറ്റ് ഒഴിച്ചിടല്‍പോലുള്ള രീതികള്‍ സ്വീകരിച്ചേക്കാമെന്നും വൃത്തങ്ങള്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ