ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ അഭിജിത് ബാനര്‍ജി.
മാധ്യമങ്ങള്‍ മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ തന്നില്‍ നിന്നും നേടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മോദി പറഞ്ഞിരിക്കുന്നതെന്നും അഭിജിത് പറഞ്ഞു.
”മോദി വിരുദ്ധ കാര്യങ്ങള്‍ പറയിപ്പിക്കുന്നതിലൂടെ മാധ്യമങ്ങള്‍ എന്നെ കുടുക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ഒരു തമാശ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സംസാരം ആരംഭിച്ചത്. അദ്ദേഹം ടിവി കാണുന്നു, നിങ്ങളെ കാണുന്നു , നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം’- അഭിജിത് ബാനര്‍ജി പറഞ്ഞു.
ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഒരു ഭരണം സൃഷ്ടിക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നും ബാനര്‍ജി പറഞ്ഞു.
ഭരണത്തെക്കുറിച്ചും ബ്യൂറോക്രസിയെക്കുറിച്ചുമാണ് പ്രധാനമന്ത്രി കൂടുതലും സംസാരിച്ചത്. മോദിയുമായുള്ള കൂടിക്കാഴ്ച ഒരു സവിശേഷ അനുഭവമായിരുന്നെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.
പ്രധാനമന്ത്രിയുമായി ഈ കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷം. കൂടിക്കാഴ്ചയില്‍ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം സമയം തന്നു. ഇന്ത്യയെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ പങ്കുവെച്ചു. അദ്ദേഹം ഭരണത്തെ കാണുന്ന രീതിയെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. ബ്യൂറോക്രസിയെ പരിഷ്‌കരിക്കാന്‍ അദ്ദേഹം കൈക്കൊള്ളുന്ന നടപടിയേയും കുറിച്ചും സംസാരിച്ചെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.
അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച ആരോഗ്യകരവും സമഗ്രവും ആയിരുന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നെന്നും മോദി പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ അഭിജിത് ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന് നൊബേല്‍ പുരസ്‌കാരം ലഭിച്ച ശേഷം അഭിജിത് ബാനര്‍ജി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അഭിജിതിന്റെ സാമ്പത്തിക വീക്ഷണങ്ങളെ ഇടത് ചായ്‌വുള്ളതെന്ന് ഗോയല്‍ വിശേഷിപ്പിച്ചത്. അഭിജിതിന്റെ സഹായത്തോടെയുള്ള ന്യായ് പദ്ധതിതിയെ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിലുള്ള തന്റെ പ്രൊഫഷണലിസത്ത ചോദ്യം ചെയ്യുന്നതാണ് ഇത്തരം പ്രസ്താവനകള്‍ എന്നായിരുന്നു അഭിജിത് ഇതിനോട് പ്രതികരിച്ചത്.
വ്യക്തിപരമായ രാഷ്ട്രീയം സാമ്പത്തിക വീക്ഷണങ്ങളെ സ്വാധീനിക്കാറില്ലെന്നും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്ത് ഉള്‍പ്പെടെ നിരവധി ബി.ജെ.പി സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന വിലയിരുത്തലില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അഭിജിത് ബാനര്‍ജി പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ