ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധി പാര്‍ട്ടിയുടെ പ്രതിച്ഛായയെ എത്രത്തോളം ബാധിച്ചെന്ന് വിലരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നേരിടുന്നതിനുമുമ്പ് പാര്‍ട്ടിക്കേറ്റ പ്രഹരങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച സുപ്രധാന പങ്കുവഹിക്കുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ, ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹോസ്‌ബോള്‍, ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള സുനില്‍ ബന്‍സാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വീഴചകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ ബി.ജെ.പിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.