മലയാള സാംസ്‌കാരിക പ്രസിദ്ധീകരണ ചരിത്രത്തെക്കുറിച്ചു ഉയരുന്ന ചര്‍ച്ചകളില്‍ പല തരത്തിലുള്ള തമസ്‌കരണങ്ങളും കണ്ടുവരാറുണ്ട്. മുഖ്യധാരയിലെ ചില പ്രസിദ്ധീകരണങ്ങളില്‍ കെട്ടുപിണഞ്ഞും എഴുപതുകള്‍ മുതല്‍ ആരംഭിച്ച ലിറ്റില്‍ മാസികകളില്‍ വട്ടം കറങ്ങിയുമാണ് അത്തരം ചര്‍ച്ചകളും സംവാദങ്ങളും മുന്നേരാറ്. എന്നാല്‍ മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളെക്കുറിച്ചോ അവ നിര്‍വഹിച്ച സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലുകള്‍ എന്തെന്നതിനെക്കുറിച്ചോ സൂചനകള്‍പോലും ഉത്തരം പൊതുചര്‍ച്ചകളില്‍ കടന്നുവരാറില്ല. അതുകൊണ്ടു നിരന്തരം തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു അത്തരം പ്രസിദ്ധീകരണങ്ങളുടെ ഇന്നലെകളെ.
1934ല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ചന്ദ്രിക ആഴ്ചപതിപ്പിന്റെ നാള്‍വഴികളിലേക്ക് കണ്ണയക്കുമ്പോഴാണ് ഒരു സബ് എഡിറ്റര്‍ എന്ന നിലയില്‍ ഈയൊരു ആലോചന മനസ്സില്‍ തട്ടിയത്. ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പ് പ്രകാശനം നിര്‍വഹിക്കാന്‍ ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍നായരുടെ കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടിലേക്ക് ഇക്കഴിഞ്ഞ ദിവസം പോയപ്പോഴും ഇക്കാര്യം ഒന്നുകൂടി ഓര്‍ത്തു. ഡോ.എം.കെ മുനീറിന് നല്‍കി എം.ടിയാണ് ചന്ദ്രിക ഓണപ്പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്. പ്രായത്തിന്റെ അവശതകൊണ്ടാകാം എം.ടിയുടെ മൗനം മുഴച്ചുനിന്നു ആ ചടങ്ങില്‍. എന്നാല്‍ അതിനിടയിലൂടെ ഞാന്‍ കയറി എം.ടിയോട് ഒരു കാര്യം സൂചിപ്പിച്ചു ‘അറുപതുകളില്‍ എഴുതിയ അങ്ങയുടെ ഒരു കഥയുടെ പേജ് ഉണ്ടിതില്‍.’ എം.ടിക്ക് കൗതുകമായി. ഞാന്‍ പേജുകള്‍ തിരഞ്ഞ് അത് കാട്ടിക്കൊടുത്തു.
85 വര്‍ഷം പിന്നിടുന്ന ചന്ദ്രികയെക്കുറിച്ച് ഓണപ്പതിപ്പില്‍ എന്തെങ്കിലും വേണമെന്ന എഡിറ്റര്‍ സി.പി സെയ്തലവിയുടെ നിര്‍ദേശത്തെടുര്‍ന്ന് ഞങ്ങള്‍ രണ്ടുപേരും(സഹ പത്രാധിപര്‍ വി.കെ സുരേഷും) തീരുമാനിച്ച് തയ്യാറാക്കിയ ഒരു ഭാഗം ഈ ഓണപ്പതിപ്പിന്റെ പ്രത്യേകതയാണ്. അത് ഒരു സ്ഥാപനത്തിന്റെ ചരിത്രം മാത്രമായല്ല ഒരുക്കിയത്. കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക ചരിത്രത്തില്‍ ആഴ്ചപ്പതിപ്പ് നിര്‍വഹിച്ച പങ്ക് എന്തെന്ന് പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലാണ് ലെഔട്ടും ഒരുക്കിയത് (അപൂര്‍ണമാണെങ്കിലും). അതിലാണ് 1967 ജനുവരി 26ന് എം.ടി എഴുതിയ ‘ഭയം’ എന്ന കഥയുടെ പേജ്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ നിന്നായിരുന്നു എം.ടിക്ക് ആദ്യപ്രതിഫലം ലഭിച്ചതെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയതാണ്.
ആ പേജില്‍ കുറേനേരം നോക്കിനിന്നപ്പോള്‍ എം.ടി എന്തോ പറയാന്‍ ശ്രമിക്കുന്നപോലെ തോന്നി. ഓര്‍മകള്‍ തിരയടിക്കുന്നുണ്ടാകും ആ പഴയ തീപൊള്ളിയ പോലത്തെ മഞ്ഞച്ച പേജുകള്‍ കണ്ടപ്പോള്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘അതിനു മുന്‍പേ ഉണ്ടായിരുന്നു ഒരു പരിഭാഷ അന്‍പതിലോ മറ്റോ’ എം.ടി ഓര്‍മയെ രാകിമിനുക്കി എന്റെ വാക്കുകളെ മുഴുമിപ്പിച്ചു.”മോപ്പസാങ്ങിന്റെ കഥയാണ്…” അതെ ആ പരിഭാഷ വന്ന കോപ്പി ഇപ്പോഴും ആപ്പീസിലുണ്ട് എന്ന് പറഞ്ഞു. ഇതുമാത്രമല്ല ഇടശേരിയും വള്ളത്തോളും പി.കുഞ്ഞിരാമന്‍ നായരും ഉറൂബും……എല്ലാം ഈ പേജുകളിലുണ്ടെന്ന് പറഞ്ഞപ്പോള്‍ ആ പേജുകളും ഏറെ സാകൂതത്തോടെ അദ്ദേഹം കുറേനേരം നോക്കിയിരുന്നു.
ഇത്രയും എഴുതാന്‍ തുനിഞ്ഞത് എം.ടിയുടെ വീട്ടില്‍ പോയതിന്റെ വീമ്പ് പറയാനല്ല. ചന്ദ്രിക ആഴ്ചപ്പതിപ്പിനെ ഇകഴ്ത്തിക്കാട്ടുന്ന ചില വിമര്‍ശനങ്ങള്‍ പലപ്പോഴായി പല ഭാഗത്തുനിന്നും കാണാറുള്ളതിനാല്‍ ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടിയാണ്.
പുതിയ കാലത്തെ വായനക്കാര്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് എന്ന ബ്രാന്‍ഡിനെ അതൊരു മുസ്ലീം പ്രസിദ്ധീകരണം എന്ന നിലയിലായിരിക്കും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. അതിന് അവരെ കുറ്റം പറയാനാകില്ല. സാംസ്‌കാരിക/ആനുകാലിക പ്രസിദ്ധീകരണ ചരിത്രത്തില്‍ ഇതിന്റെ സ്ഥാനം മറ്റൊന്നായിരുന്നു എന്ന അറിവ് ആരുംതന്നെ പുതിയ വായനക്കാര്‍ക്ക് നല്‍കിയിട്ടില്ല.
ഈയിടെ സാംസ്‌കാരിക പ്രസിദ്ധീകരണ ചരിത്രത്തെ മുന്‍നിര്‍ത്തി സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയ ചര്‍ച്ചകളില്‍പോലും 1934ല്‍ ആരംഭിച്ച ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പേരുപോലും പരാമര്‍ശിച്ചുകണ്ടില്ല. മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത് ഒത്തിരിയുണ്ടായിരുന്നെങ്കിലും അതൊക്കെ അറബി പേരുകളിലായിരുന്നു. പക്ഷേ മലയാളത്തില്‍ ഒരു പേര് (ചന്ദ്രിക) ഇതിന്റെ സ്ഥാപകപ്രതിനിധികള്‍ മുന്നോട്ടുവെക്കുന്നതില്‍ സ്വീകരിച്ച നിലപാട് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണ്.
ചന്ദ്രിക പത്രത്തില്‍നിന്ന് വ്യത്യസ്തമായി തികച്ചും സാംസ്‌കാരിക സാഹിത്യ പ്രസിദ്ധീകരണം എന്ന നിലയിലാണ് വാരിക അന്നുമുതലേ അറിയപ്പെട്ടിരുന്നത്. അന്നത്തെ വായനക്കാരുടെ മനസ്സില്‍ തെളിഞ്ഞിരുന്ന ബ്രാന്റും അതുതന്നെയായിരുന്നു. അപ്പോള്‍ സങ്കുചിത മുസ്ലീം പ്രസിദ്ധീകരണമായിരിക്കണം ഇത് എന്ന നിലയില്‍ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നവരും മുസ്ലീം തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണത്തില്‍ എന്തിന് എഴുതുന്നു എന്ന് ചില എഴുത്തുകാരോട് കയര്‍ക്കുന്നവരും അതേറ്റുപിടിക്കാന്‍ തയ്യാറായ നിഷ്‌കളങ്കമതികളും ഓര്‍ക്കേണ്ട കാര്യമുണ്ട്. അപരവല്‍ക്കരണം എന്ന സംഘപരിവാര്‍ യുക്തിയുടെ തുമ്പത്താണ് നിങ്ങളും അറിഞ്ഞോ അറിയാതെയോ കണ്ണിചേരുന്നത്. അത്തരം സംഘപരിവാര്‍ യുക്തി സൃഷ്ടിച്ച പൊതുബോധമാണ് ഈ വാരിക കേവലം മുസ്ലീംപ്രാതിനിധ്യ പ്രസിദ്ധീകരണമാണെന്ന് പലരിലും രൂഢമൂലമാകാന്‍ ഇടയായതും. അതിനെ പൊളിക്കേണ്ട ബാധ്യത ചരിത്രപരമായി ഇതില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ട്. ഒപ്പം ഒരു സമുദായം അത്യധികം ഭീഷണികളും അതീജീവന നിലവിളിയും ഉയര്‍ത്തുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട രാഷ്ട്രീയ സാംസ്‌കാരിക ബാധ്യതയും. ഒട്ടേറെ പരിമിതികള്‍ക്കിടയിലും ഏറെ ശ്രമകരമായ ആ പ്രവൃത്തിയാണ് ഞങ്ങളിവിടെ ചെയ്യുന്നത്.
ജാതി മതചിന്തയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവര്‍, വ്യത്യസ്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍, മതത്തിലെ തീവ്ര-മിതവാദക്കാര്‍, മതകീയ ജീവിതത്തെ സ്വയം വിമര്‍ശനത്തിന് വിധേയമാക്കുന്നവര്‍. എന്നിങ്ങനെ അത്യധികം വൈവിധ്യതകളെ എന്നാല്‍ സൃഷ്ടികളിലോ ലേഖനങ്ങളിലോ ഉള്ളടക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത രചനകളെയാണ് അമ്പതുമുതലിങ്ങോട്ട് താളുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട രൂക്ഷവിമര്‍ശനങ്ങളും തുടര്‍ സംവാദങ്ങളും കത്തുകള്‍ എന്ന ഭാഗത്ത് കണ്ടിട്ടുണ്ട്. ചില ചര്‍ച്ചകള്‍ അവസാനിപ്പിക്കാനായി എഡിറ്ററുടെ മറുപടി തന്നെ ഒന്നില്‍ക്കൂടുതല്‍ തവണ ഉണ്ടായിട്ടുണ്ട്. അപ്പോഴും ഒരാശങ്കയുമില്ലാതെ എഴുതിയിട്ടുണ്ട് അന്നത്തെ മുഖ്യ പത്രാധിപരായ സി.എച്ച് മുഹമ്മദ് കോയ ‘ആഴ്ചപ്പതിപ്പ് ഭിന്നമതകക്ഷികളില്‍ ഏതെങ്കിലുമൊന്നില്‍ കെട്ടാനുള്ളതല്ല’ എന്ന് (1953 മാര്‍ച്ച് 21, പേജ് 7)
ഒരാളുടെ ബാലനോവല്‍ കൊടുത്തതായിരുന്നു ഈയിടെ ഉയര്‍ന്നുവന്ന ചര്‍ച്ച. ആ നോവല്‍ ഇതിനകം മൂന്നോ നാലോ അധ്യായം പുറത്തുവന്നു. ഈ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പത്രാധിപരായ സമയത്തേ തന്റെ സര്‍ഗാത്മകമായ കഴിവ് ഒന്നുകൊണ്ടുമാത്രം വീക്കിലിയില്‍ കഥ എഴുതിയിട്ടുണ്ട്. സാമുദായിക വിഭജനം കാംക്ഷിക്കുന്ന തീവ്രവിഭാഗത്തെ ചിലര്‍ പടച്ചുവിട്ട പോസ്റ്റുകള്‍ക്ക് ലൈക്കടിച്ച്, അത് ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുന്ന എത്രപേര്‍ ഈ ബാലനോവലിന്റെ അധ്യായങ്ങള്‍ വായിച്ചിട്ടുണ്ട് എന്നറിയില്ല. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്കയിലും മറ്റും വരുന്നതുപോലെ മഴയെക്കുറിച്ചും മേഘങ്ങളെക്കുറിച്ചുമെല്ലാം ശാസ്ത്രീയമായ അറിവുകള്‍ ഒരു കുട്ടിക്ക് മാലാഖയിലൂടെ പറഞ്ഞുകൊടുക്കുന്നതാണ് നോവലിന്റെ ഉള്ളടക്കം.
ജോതിശാസ്ത്രത്തിന് പകരം ജ്യോതിഷമോ ‘മേഘങ്ങള്‍ ഉള്ളതിനാല്‍ യുദ്ധവിമാനം പറത്തുന്നത് പാക്കിസ്ഥാന്‍ കാണില്ലെന്ന’ മോദി നടത്തിയ മണ്ടത്തരമോ അശാസ്ത്രീയ പരാമര്‍ശമോ കൊണ്ട് കുട്ടികളെ വഴിതെറ്റിക്കുന്ന ഉള്ളടക്കം ഇതിലില്ല. (ഇതേപോലുള്ള ശാസ്ത്ര ലേഖനങ്ങള്‍ മതലേഖനങ്ങളോടൊപ്പം പഴയകാലത്ത് ഉണ്ടായിരുന്നു എന്നോര്‍ക്കണം) പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളുടെ ശാസ്ത്രസത്യം ലളിതമായി പ്രതിപാദിക്കുന്ന കൃതി സെലക്ട് ചെയ്ത് നമുക്ക് മുന്നില്‍ വന്നാല്‍ അത് എഴുതിയ ആളുടെ ചരിത്രമോ വ്യക്തിമാഹാത്മ്യമോ രേഖാമൂലം പരിശോധിച്ച് സ്‌ക്രീനിങ് നടത്താനുള്ള സംവിധാനം നിലവിലില്ല. ഇനി ചരിത്രത്തിലേക്ക് വരാം.
വി.ഡി സവര്‍ക്കര്‍ എന്ന വ്യക്തിയെ നാം കേട്ടിട്ടുണ്ടാകുമല്ലോ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ചയാളാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ‘സ്വതന്ത്ര്യ സമരത്തില്‍ മുസ്‌ലീംകളുടെ പങ്ക്’ എന്ന വി.ഡി സവര്‍ക്കരുടെ ലേഖനം വന്നിട്ടുണ്ട് ഇതില്‍ (1969 ആഗസ്റ്റ് 30). ആരും ഞെട്ടേണ്ടതില്ല. മറ്റൊരാളെക്കുറിച്ചുകൂടി പറയാം. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവ് അബുല്‍ അഅ്ലാ മൗദൂദി ആണത്. ഇസ്ലാമിക പണ്ഡിതനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ ലേഖനം (ഇസ്ലാമിക നിയമത്തിന്റെ സ്വഭാവവും സവിശേഷതയും) തുടര്‍ ലക്കങ്ങളില്‍ വന്നിട്ടുണ്ട് ആഴ്ചപ്പതിപ്പില്‍.(1973 നവംബര്‍ 30 മുതല്‍)
പ്രശസ്ത കവി അക്കിത്തത്തിന്റെ കവിതകളായിരുന്നു തുടക്കംമുതലേ (1949 ആഗസ്റ്റ് 15)ആഴ്ചപ്പതിപ്പിന്റെ ആദ്യഭാഗത്ത് നിറഞ്ഞുനിന്നിരുന്നത്. ഇതേപോലെ പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന എസ്.രമേശന്‍ നായരുടെ രചനകളും (1968 ഒക്ടോബര്‍ 19) മാധ്യമപ്രവര്‍ത്തകനായ വി.എം കൊറാത്തിന്റെ ലേഖനവും (1951 നവംമ്പര്‍ 21) ഇതില്‍ വന്നിട്ടുണ്ട്. ഇവരെല്ലാം ആര്‍.എസ.എസ് അനുകൂല നിലപാട് സ്വീകരിച്ചവരും തപസ്യയുടെ ഭാരവാഹികളുമായിരുന്നു. എന്നാല്‍ അവരുടെ രാഷ്ട്രീയദര്‍ശനം പ്രചരിപ്പിക്കാന്‍ വാരിക അവസരം കൊടുത്തിട്ടുമില്ല. എന്നുവെച്ച് മികച്ച കവികളോ മാധ്യപ്രവര്‍ത്തകരോ ആയിരുന്നില്ല ഇവരൊന്നും എന്ന് മലയാളികളാരും വിലയിരുത്തിയിട്ടില്ല. എന്തിന് യുക്തിവാദികളെക്കുറിച്ച് ലേഖനം മാത്രമല്ല അവരുടെ ലേഖനങ്ങളും വന്നിട്ടുണ്ട്. എ. ടി കോവൂരിനെക്കുറിച്ച് വന്ന ലേഖനവും(1975 ഡിസംബര്‍ 20) കേരളയുക്തിവാദിസംഘത്തിന്‍െ സ്ഥാപകനേതാവ് യു. കലാനാഥന്റെ ആദ്യകാലരചനകള്‍ അത് കവിതയടക്കം അച്ചടിച്ചുവന്നതും ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് (1964 ജൂണ്‍ 27).
മതവുമായി ബന്ധപ്പെട്ട് എല്ലാ ലക്കങ്ങളിലും ലേഖനങ്ങളും ഖുര്‍ആന്‍ കുറിപ്പുകളുമൊക്കെ ഉണ്ടാകുമ്പോഴും സാഹിത്യ സാംസ്‌കാരിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല. അതില്‍ പലതിലും മതവിമര്‍ശനമുണ്ടായിട്ടുണ്ട്. അതിന്റെ പേരില്‍ തുടര്‍ സംവാദങ്ങളും ചര്‍ച്ചകളും ഉണ്ടാക്കാറുണ്ട്. യു.എ ഖാദര്‍ അടക്കം പ്രശസ്തരുടെ രചനകള്‍ വരികയും വിമര്‍ശനശരം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. രണ്ട് സിനിമാനിരൂപണങ്ങളെങ്കിലുമില്ലാത്ത ലക്കങ്ങള്‍ കുറവായിരുന്നു. സിനിമാനിരൂപണരംഗത്ത് ശോഭിച്ച പ്രശസ്തരെല്ലാം ചന്ദ്രികയില്‍ എഴുതിത്തെളിഞ്ഞവരാണ്.
സ്പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങിന്റെ തലതൊട്ടപ്പനായ പി.എ മുഹമ്മദ് കോയ(മുഷ്താഖ്) ആഴ്ചപ്പതിപ്പില്‍ പത്രാധിപരായതിനാലോ എന്നറിയില്ല സ്‌പോര്‍ട്സ് റിപ്പോര്‍ട്ടുകള്‍ക്കും യാതൊരു പഞ്ഞവുമില്ലായിരുന്നു. രാഷ്ട്രീയ കാര്യത്തിലാണെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ കെ. ദാമോദരന്‍ അടക്കമുള്ളവരുടെ ലേഖനങ്ങളും (1957 നവംമ്പര്‍ 9) പലപ്പോഴും വന്നിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച് വിശദമായ യാത്രാക്കുറിപ്പ് സി.എച്ച് മുഹമ്മദ് കോയതന്നെ എഴുതിയിട്ടുണ്ട്(1973 ഡിസംബര്‍ 3). മുസ്‌ലിം ലീഗ് രാഷ്ട്രീയ നിലപാടുകളില്‍ ഏറെ വ്യത്യസ്തനായ ഹമീദ് ചേന്ദമംഗലൂര്‍ എഴുതിത്തെളിഞ്ഞത് ആഴ്ചപ്പതിപ്പിലൂടെയാണ്. വനിതയുടെയും കേരളശബ്ദത്തിന്റെയും മാത്രമല്ല, ദേശാഭിമാനിയുടെ പരസ്യംപോലും ആഴ്ചപ്പതിപ്പിന്റെ താളുകളില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. (1957 ആഗസ്റ്റ് 13, 1978 ജനുവരി 28, 1979 മാര്‍ച്ച് 10)…നെഹ്റുവിന്റെയും മാവോയുടെ കവര്‍ചിത്രം(1954 നവംമ്പര്‍ 20) ബഷീര്‍ (‘ഓര്‍മയുടെ അറകള്‍’-ആത്മകഥ), എം.മുകുന്ദന്‍ (ഈ ലോകവും അതിലൊരു മനുഷ്യനും-നോവല്‍), ജി ശങ്കരക്കുറുപ്പ്, വക്കം അബ്ദുള്‍ ഖാദര്‍മൗലവി, പ്രശസ്ത കവി ഇക്ബാല്‍, എന്‍.എ കരീം, തകഴി, കേസരി, വള്ളത്തോള്‍, മുണ്ടശേരി, പി ഭാസ്‌കരന്‍, ഉറൂബ്, കേശവദേവ്, അക്കിത്തം, എസ്.കെ പൊറ്റെക്കാട്, കുട്ടികൃഷ്ണമാരാര്‍, തിക്കോടിയന്‍, പി.കുഞ്ഞിരാമന്‍ നായര്‍, ആറ്റൂര്‍ രവിവര്‍മ, എം. ഗോവിന്ദന്‍, കെ.ടി മുഹമ്മദ്, പൂവച്ചല്‍ ഖാദര്‍, ഐ.വി ശശി, മാധവിക്കുട്ടി, പി.വത്സല, സാറാജോസഫ്, എം.വി ദേവന്‍, ടി.പത്മനാഭന്‍, യു.എ ഖാദര്‍, എന്‍പി മുഹമ്മദ്, വി.കെ.എന്‍, പുനത്തില്‍,എന്‍.വി കൃഷ്ണവാരിയര്‍, പി.ജെ ആന്റണി, എം.എന്‍ കാരശേരി, എം.എന്‍ സത്യാര്‍ത്ഥി, എം.അച്യുതന്‍, കുഞ്ഞുണ്ണിമാസ്റ്റര്‍, പവനന്‍, സത്യന്‍ അന്തിക്കാട്, എന്‍. പ്രഭാകരന്‍, അശോകന്‍ ചരുവില്‍, പി.എം താജ്, ടി.വി കൊച്ചുബാവ, പെരുമ്പടവം ശ്രീധരന്‍, എം.എ റഹ്മാന്‍, അക്ബര്‍ കക്കട്ടില്‍, ജമാല്‍ കൊച്ചങ്ങാടി…..ഇങ്ങനെ ഇവിടെ പെട്ടെന്ന് എഴുതിതീര്‍ക്കാന്‍ പറ്റാത്ത എണ്ണമറ്റ എഴുത്തുകാര്‍ പോലും എഴുതിത്തെളിഞ്ഞ പ്രസിദ്ധീകരണമാണിത്. ബി.എം ഗഫൂറില്‍ തുടങ്ങി സഗീറില്‍ എത്തിനില്‍ക്കുന്നു ഇവിടുത്തെ ആര്‍ട്ടിസ്റ്റുകളുടെ നിര.
എന്തിന് മുസ്‌ലിം ലീഗിന്റ ദേശാഭിമാന വികാരത്തെ സംശയത്തിന്റെ മുനയില്‍നിര്‍ത്തുന്നവര്‍ക്ക് ചുട്ട മറുപടിയായാണ് അക്കാലത്ത് സ്ഥിരമായി ഇറക്കിക്കൊണ്ടിരുന്ന റിപ്പബ്ലിക്ക് പതിപ്പും സ്വാതന്ത്ര്യദിനപ്പതിപ്പുമെല്ലാം. കവറിലും പേജുകള്‍ക്കിടയിലുമെല്ലാം രാഷ്ട്രനേതാക്കളുടെ ഫോട്ടോയും ദേശീയതയില്‍ വിജൃംഭിതരാകേണ്ട മുദ്രാവാക്യങ്ങളുമെല്ലാം ആ ലക്കങ്ങളുടെ പ്രത്യേകതയായിരുന്നു. ഇന്ത്യയെന്ന സമ്മിശ്രസംസ്‌കാരത്തെ ഉള്‍ക്കൊള്ളുക മാത്രമല്ല മനുഷ്യന് വിഹരിക്കാവുന്ന അനന്തമായ ചിന്താമണ്ഡലത്തിലെ വികാരങ്ങളെയും സ്വപ്നങ്ങളെയും യാതൊരു മടിയുമില്ലാതെ അടയാളപ്പെടുത്താന്‍ ഒട്ടും സാങ്കേതികസൗകര്യമോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത കാലത്ത് ആഴ്ചപ്പതിപ്പ് മുതിര്‍ന്നിരുന്നു എന്നോര്‍ക്കണം. കേരളീയ സാംസ്‌കാരിക മതേതര നിര്‍മിതിയില്‍ അനിഷേധ്യമായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഒരു സാംസ്‌കാരിക പ്രസിദ്ധീകരണത്തെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ വൈവിധ്യതയെ അംഗീകരിക്കാത്ത ചില തല്‍പ്പരകക്ഷികള്‍ സംശയമുനമ്പില്‍ നിര്‍ത്തുമ്പോള്‍ ആഴ്ച്ചപത്തിപ്പിന്റെ ഒപ്പം നില്‍ക്കേണ്ടവര്‍പോലും അതേ സംശയത്തിന്റെ പിന്നാലെ പോകുമ്പോള്‍ സമ്പന്ന സംസ്‌കാരത്തെ കാട്ടിലെറിയാന്‍ പറ്റില്ലല്ലോ, അതില്‍ ചില വിശദീകരണങ്ങള്‍ നല്‍കാതിരിക്കാന്‍ പറ്റില്ലല്ലോ.
ഒരു കാര്യംകൂടി എഴുതി ഇതിവിടെ മുഴുമിപ്പിക്കാം. കേരളത്തിലെ എത്ര മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്കു ഓണപ്പതിപ്പ് ഉണ്ട് എന്നതാണത്? ഇതര മതസ്ഥരുടെ പത്രമാനേജ്‌മെന്റിന് കീഴില്‍ റംസാന്‍ പതിപ്പുകള്‍ പോലും ഇറങ്ങുമ്പോള്‍ ഓണം സീസണ് പരസ്യങ്ങള്‍ വാങ്ങി പലരും ‘വാര്‍ഷികപ്പതിപ്പുകള്‍’ മാത്രമാണ് ഇറക്കിക്കൊണ്ടിരിക്കുന്നത്. ചന്ദ്രിക യാതൊരു ഹിഡന്‍ അജണ്ടയുമില്ലാതെ ‘ഓണപ്പതിപ്പ്’ എന്നു പേര് വെച്ചാണ് ഇറക്കുന്നത്. വിവിധ കൈവഴികളിലൂടെ നടന്നുകയറിയ ഒട്ടേറെ വായനകള്‍ നിലവിലുള്ള ‘ഓണ’ത്തെ സവര്‍ണ ഹൈന്ദവ ആഘോഷമാണെന്ന് ചുരുക്കികെട്ടി വിഭജന/വര്‍ഗീയ സിദ്ധാന്തത്തിന് കരുത്തു പകരുന്നവര്‍ ഓര്‍ക്കണം, ചന്ദ്രികയുടെ ചരിത്രം അത്ര സങ്കുചിതമല്ലെന്ന്. മുസ്‌ലിംലീഗിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുപോലും സി.എച്ചും സീതിസാഹിബുമൊക്കെ മുന്നോട്ടു വച്ച സാംസ്‌കാരിക, മതേതര ലിബറല്‍ മൂല്യങ്ങളെ, അവരുടെ ഉദ്ദേശശുദ്ധിയെ ഇക്കാലത്തും അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ കഴിയില്ല. ചന്ദ്രികയുടെ ചരിത്രവഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു പഠിതാവ് എന്ന നിലയില്‍ അതിന്റെ 85-ആം പിറന്നാള്‍വേളയില്‍ ഇതുകൂടി ഓര്‍മിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നി.അത്രമാത്രം.