തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അസംതൃപ്തനായ ആത്മാവാണ് മോദി: ഉദ്ധവ് താക്കറെ
India
തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അസംതൃപ്തനായ ആത്മാവാണ് മോദി: ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2024, 1:30 pm

കോലാപൂർ: മഹാരാഷ്ട്ര പ്രതിപക്ഷസഖ്യത്തിന് പ്രതീക്ഷ പകർന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം 300 സീറ്റ് നേടുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മെയ് ഒന്നിന് കോലാപൂരിൽ വച്ച് നടന്ന റാലിയിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

ബി.ജെ.പി ജനങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചെന്ന് റാലിക്കിടെ ഉദ്ധവ് കുറ്റപ്പെടുത്തി. നിങ്ങളിൽ ആരുടെയെങ്കിലും അക്കൗണ്ടിൽ 15 ലക്ഷം രൂപ എത്തിയിട്ടുണ്ടോ എന്ന ഉദ്ധവിൻ്റെ ചോദ്യത്തിന് ജനങ്ങൾ ഒരേ സ്വരത്തിൽ  ഇല്ല എന്ന ഉത്തരം നൽകി. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച റാലികളിലെ ഉദ്ധവിന്റെ പ്രസംഗങ്ങൾ ജനങ്ങൾ ചർച്ച ചെയ്തിരുന്നു.

2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഉദ്ധവും ബി.ജെ.പിയും തമ്മിലുള്ള തുറന്ന പോര് തുടങ്ങുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ മോദിയെ പിന്തുണച്ചതിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ഉദ്ധവ് ക്ഷമാപണം നടത്തി. മോദിയുമായി സഖ്യമുണ്ടാക്കിയത് തൻ്റെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാരാമതി, സത്താറ, കോലാപൂർ, രത്നഗിരി തുടങ്ങിയ മണ്ഡലങ്ങളിൽ ശിവസേന സംഘടിപ്പിച്ച റാലികളിലായിരുന്നു  ഉദ്ധവിൻ്റെ പരാമർശങ്ങൾ.

ബി.ജെ.പി സ്വാതന്ത്ര്യസമരങ്ങളിലോ സംയുക്ത മഹാരാഷ്ട്ര സമരത്തിലോ പങ്കെടുത്തിട്ടില്ലെന്ന് റാലിക്കിടെ ഉദ്ധവ് കുറ്റപ്പെടുത്തി. പാർട്ടിയെയും കുടുംബങ്ങളെയും തകർത്ത് മഹാരാഷ്ട്രയെ നശിപ്പിക്കുകയാണ് ബി.ജെ.പിയുടെ പദ്ധതി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കോൺഗ്രസിൻ്റെ പ്രകടന പത്രികയെ മുസ്‌ലിം ലീഗിൻ്റെ പത്രികയായി കുറ്റപ്പെടുത്തുന്ന മോദിക്ക് മറ്റൊന്നും പറയാനില്ല. ഉയർന്ന ചിന്തയോ ഒരു ഉന്നത നേതാവോ ബി.ജെ.പിക്കില്ല,’ ഉദ്ധവ് പറഞ്ഞു.

പ്രധാനമന്ത്രിക്ക് എന്തെങ്കിലും തരത്തിലുള്ള കരുണയുണ്ടെങ്കിൽ അദ്ദേഹം ആദ്യം ചിന്തിക്കുക കർഷകരെ കുറിച്ചായിരിക്കും. മരിച്ചു പോയ അവരുടെ ആത്മാക്കളെ കുറിച്ചായിരിക്കും. എന്നാൽ മോദി തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അസംതൃപ്തനായ ആത്മാവാണെന്നും ഉദ്ധവ് പറഞ്ഞു.

Content Highlight: PM is a dissatisfied soul who only thinks about himself