ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയവിശാലതയെയാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. രാജ്യത്തെ ഒരു വിഭാഗം കര്‍ഷകരുടെ എതിര്‍പ്പിനെ മറികടന്ന് നിയമം നടപ്പാക്കാന്‍ മോദി ആഗ്രഹിച്ചില്ലെന്ന് തോമര്‍ പറഞ്ഞു.
‘കാര്‍ഷിക നിയമം കര്‍ഷകരുടെ പുരോഗതിയ്ക്കായി കൊണ്ടുവന്നതാണ്. വളരെ ചെറിയ വിഭാഗം കര്‍ഷകര്‍ അതിനെ എതിര്‍ത്തു. അവരുടെ പ്രതിഷേധത്തിന് ഒരുപാട് തലങ്ങളുണ്ട്, അത് രാജ്യത്തിന് വ്യക്തമായതാണ്,’ തോമര്‍ പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമത്തിന്റെ ഗുണഫലങ്ങള്‍ ഇനിയും വിശദീകരിക്കുമെന്നും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി സമരം ചെയ്തിരുന്ന കര്‍ഷകര്‍ ഡിസംബര്‍ ഒമ്പതിനാണ് സമരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവില നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ രൂപീകരണത്തിനും ശേഷമാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിച്ച കര്‍ഷകര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.
ജനുവരി 15ന് അവലോകനയോഗം ചേരുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെങ്കില്‍ സമരം പുനരാരംഭിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
അതേസമയം, തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവച്ച സംയുക്ത കിസാന്‍ മോര്‍ച്ച ഡിസംബര്‍ 11ന് വിജയദിവസമായി ആചരിച്ചിരുന്നു.