കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയറെ മാറ്റുന്നതില്‍ അതൃപ്തി അറിയിച്ച് മുസ്‌ലീം ലീഗ്. മേയറെ മാറ്റുന്ന കാര്യം യു.ഡി.എഫില്‍ ഇതുവരെ ചര്‍ച്ചയായിട്ടില്ലെന്നും ചര്‍ച്ച ചെയ്യാതെ മാറ്റുന്ന സ്ഥിതിയുണ്ടായാല്‍ മുസ്‌ലീം ലീഗ് പ്രതിഷേധിക്കുമെന്നും മുസ്ലീം ലീഗ് അംഗവും മുസ്ലീം ലീഗ് കൗണ്‍സിലറുമായ പി.എം ഹാരിസ് വ്യക്തമാക്കി.
മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സൗമിനി ജെയിനെ ഇന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് പ്രതിഷേധവുമായി രംഗത്തുവന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മേയറെ മാറ്റുന്ന കാര്യം ഔദ്യോഗികമായി ഇതുവരെയും ലീഗിനെ അറിയിച്ചിട്ടില്ലെന്നും ഹാരിസ് പറഞ്ഞു. സാധാരണ ഇത്തരം പ്രശ്‌നങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ചയാവാറുള്ളതാണെന്നും പ്രശ്‌നങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു.
സൗമിനി ജെയിന്റെ ഭരണം നല്ലരീതിയിലാണ് പോകുന്നതെന്നും മഴ കാരണമാണ് വെള്ളക്കെട്ട് ഉണ്ടായതെന്നും ഹാരിസ് പറഞ്ഞു. വെള്ളക്കെട്ടില്‍ മേയറെ കുറ്റം പറയുന്നതില്‍ കഴമ്പില്ലെന്നും ഹാരിസ് വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതില്‍ കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ മാറ്റില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ മേയറെ മാത്രം പഴിചാരി രക്ഷപ്പെടേണ്ടതില്ല എന്നും മേയറെ മാത്രമായി ബലിമൃഗമാക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ മേയര്‍ക്കെതിരെയുള്ള നീക്കം ശക്തമായ സാഹചര്യത്തിലാണ് സൗമിനി ജെയിനിനെ കെ.പി.സി.സി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് മേയറും വ്യക്തമാക്കിയിരുന്നു.