| Wednesday, 13th May 2020, 12:23 pm

'പ്രധാനമന്ത്രി വലിയൊരു തലക്കെട്ടും ഒഴിഞ്ഞ പേജും ജനങ്ങൾക്ക് മുന്നിൽ വച്ചു'; സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ പങ്കുവെക്കാത്തതിൽ വിമർശനവുമായി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ പങ്കുവെക്കാത്തതിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പി.ചിദംബരം.

പ്രധാനമന്ത്രി ഒരു വലിയ തലക്കെട്ടും ഒഴിഞ്ഞ പേജും മാത്രം മുന്നിൽ വെച്ചുവെന്നായിരുന്നു വിഷയത്തിൽ ചിദംബരത്തിന്റെ പ്രതികരണം. തനിക്കും അദ്ദേഹം എന്താണ് ഉദ്ദേശിേച്ചതെന്ന് മനസിലായില്ലെന്നും നിർമ്മല സീതാരാമൻ ഒഴിഞ്ഞ പേജ് പൂരിപ്പിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

“ഇന്നലെ പ്രധാനമന്ത്രി ഒരു വലിയ തലക്കെട്ടും ഒഴിഞ്ഞ പേജും മുന്നിൽവച്ചു. സ്വഭാവികമായും അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസിലായില്ല.
ധനമന്ത്രി നിർമ്മല സീതാരാമൻ ആ ഒഴിഞ്ഞ പേജ് പൂരിപ്പിക്കുന്നതിന് കാത്തിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയിലേക്ക് ​ഗവൺമെന്റ് ഇറക്കുന്ന ഓരോ രൂപയും എങ്ങിനെയാണ് എന്ന് ഞങ്ങൾ സൂഷ്മമായി വിലയിരുത്തും”. അദ്ദേഹം പറഞ്ഞു.

ആർക്കൊക്കെ എന്തൊക്കെ ലഭിക്കുമെന്നും കോൺ​ഗ്രസ് പരിശോധിക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു. രാജ്യത്തെ ദരിദ്രർക്കും ദുർബല വിഭാ​ഗ​ങ്ങൾക്കും അതിഥി തൊഴിലാളികൾക്കും എന്തൊക്കെ സർക്കാർ നൽകുമെന്ന് നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നാല് മണിക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more