| Thursday, 16th May 2019, 7:46 pm

എങ്ങനെ മാമ്പഴം കഴിക്കണം എന്നാണ് പ്രധാനമന്ത്രി പഠിപ്പിക്കുന്നത്; പകരം അഴിമതിയെക്കുറിച്ച് സംസാരിക്കുന്നേ ഇല്ല: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ മോദി ചര്‍ച്ച ചെയ്യാതെ ഒഴിവാക്കുകയാണെന്നും പകരം രാജ്യത്തിന് പഠിപ്പിച്ച് കൊടുക്കുന്നത് എങ്ങനെ മാമ്പഴം കഴിക്കണം എന്നുമാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

മോദിയുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തില്‍ മോദിയുടെ മാമ്പഴ തീറ്റയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ഇതിനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

‘ഈ തെരഞ്ഞെടുപ്പില്‍ കാവല്‍ക്കാരന്‍ അഴിമതിയെക്കുറിച്ച് സംസാരിച്ചോ? അഴിമതിക്കെതിരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞോ? ഇല്ല, അദ്ദേഹം തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചോ? ഇല്ല, അദ്ദേഹം കര്‍ഷകരെ കുറിച്ച് സംസാരിച്ചോ? ഇല്ല, ഈ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹം 15 ലക്ഷം തരാമെന്ന് പറഞ്ഞോ? ഇല്ല. അദ്ദേഹം രാജ്യത്തിന് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ മാമ്പഴം കഴിക്കാം എന്നതിനെക്കുറിച്ചാണ്. കുര്‍ത്തയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ‘രാഹുല്‍ പറഞ്ഞു.

15 ലക്ഷം എന്തുകൊണ്ടാണ് തരാത്തതെന്ന് മോദിജി രാജ്യത്തോട് പറയണം. സംസ്ഥാനം തൊഴിലില്ലായ്മയുടെ കേന്ദ്രം ആക്കിയതെന്തുകൊണ്ടാണെന്ന് ബീഹാറിലെ ജനങ്ങളോട് പറയണം. കര്‍ഷകരെ എന്തിന് അപമാനിച്ചെന്നും വാഗ്ദാനങ്ങള്‍ പാലിക്കാത്തതെന്തുകൊണ്ടാണെന്നും നിങ്ങള്‍ പറയണം. രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുമെന്നും രാഹുല്‍ കൂട്ടി ചേര്‍ത്തു.

We use cookies to give you the best possible experience. Learn more