ന്യൂദല്‍ഹി: നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ച ഇന്ത്യ മുന്നണിയുടെ തീരുമാനത്തെ വിശദീകരിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ആശ്രയിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ബജറ്റെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രിക്ക് നീതി നടപ്പാക്കാന്‍ ആകില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നെന്നും അതിനാലാണ് ഇന്ത്യ മുന്നണി നേതാക്കള്‍ നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ കുറിച്ച് സംസാരിച്ചപ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷമെങ്കിലും നിര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.
എന്നാല്‍ ബജറ്റില്‍ പോലും കേന്ദ്രം ഇപ്പോള്‍ ആശ്രയിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് പരിഗണിക്കപ്പെട്ടത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് വേണ്ടത്ര സീറ്റ് ലഭിക്കാത്തതിനാല്‍ ഈ രണ്ട് സംസ്ഥാനങ്ങളെയും ബജറ്റില്‍ കേന്ദ്രം അവഗണിച്ചു,’ പവന്‍ ഖേര പറഞ്ഞു.
ഇത്തരം മാനസികാവസ്ഥയുള്ള പ്രധാനമന്ത്രിക്ക് നീതി പുലര്‍ത്താന്‍ കഴിയില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരോട് നീതി പുലര്‍ത്താന്‍ അവര്‍ക്കാവില്ല. യോഗത്തിനെത്തിയ മമതാ ബാനര്‍ജിയെ പോലും സംസാരിക്കാന്‍ അനുവദിക്കാതെ അവരുടെ മൈക്ക് ഓഫാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതി ആയോഗ് യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അപമാനിച്ചുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പറഞ്ഞിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് പണവും പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. അതിനാലാണ് തമിഴ്‌നാട്, തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ യോഗം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ യോഗം ബഹിഷ്‌കരിച്ചതിന് ശേഷം മമത നടത്തിയ ആരോപണങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തള്ളിക്കളഞ്ഞിരുന്നു. മമതയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ മുന്നണിയിലെ നേതാക്കളെ സന്തോഷിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ചയായിരുന്നു നിതി ആയോഗ് യോഗം ദല്‍ഹിയില്‍ നടന്നത്.
Content Highlight: ‘PM couldn’t do justice, that’s why we decided to boycott’: Pawan on NITI Aayog