| Friday, 5th May 2023, 4:00 pm

'ദി കേരള സ്റ്റോറി' തീവ്രവാദം തുറന്ന് കാട്ടുന്ന സിനിമ; കോണ്‍ഗ്രസ് തീവ്രവാദികളോടൊപ്പം: നരേന്ദ്ര മോദി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂരു: ‘ദി കേരള സ്റ്റോറി’ തീവ്രവാദം തുറന്ന് കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തെ തകര്‍ക്കുന്ന തീവ്രവാദത്തിനൊപ്പമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മനോഹരമായ സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്നാണ് കേരള സ്റ്റോറി പറയുന്നത്. പക്ഷെ കോണ്‍ഗ്രസിനെ നോക്കൂ, അവര്‍ തീവ്രവാദികളോടൊപ്പം നിന്ന് അതിനെ നിരോധിക്കാന്‍ ശ്രമിക്കുന്നു’, മോദി പറഞ്ഞു.

‘ സംസ്ഥാനത്ത് നടക്കുന്ന തീവ്രവാദത്തെയാണ് കേരള സ്റ്റോറി തുറന്ന കാട്ടുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ. സമൂഹത്തെ തകര്‍ക്കുന്ന തീവ്രവാദത്തിനൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാര്‍’, മോദി പറഞ്ഞു.

‘സമൂഹത്തില്‍ രൂപംകൊണ്ടിരിക്കുന്ന പുതിയ തീവ്രവാദത്തെയാണ് സിനിമ തുറന്ന് കാട്ടുന്നത്. ഇപ്പോള്‍ പുതിയ തീവ്രവാദം രൂപപ്പെട്ടിരിക്കുകയാണ്. ബോംബുകളും ആയുധങ്ങളും ഉപയോഗിക്കുന്നതിന് പകരം സമൂഹത്തെ ഉളളില്‍ നിന്നു കൊണ്ട് തകര്‍ക്കാന്‍ അത് ശ്രമിക്കുന്നു. കേരള സ്റ്റോറി ഈ പുതിയ തീവ്രവാദത്തെയാണ് തുറന്ന കാട്ടുന്നത്. കോണ്‍ഗ്രസ് ഒരിക്കലും തീവ്രവാദത്തില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയുമോ’, മോദി ചോദിച്ചു.

അതേസമയം, വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ കേരള സ്റ്റോറി കേരളത്തില്‍ പ്രദര്‍ശനം തുടങ്ങി. ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളുമെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞുത്. ഇതൊരു ചരിത്രപരമായ സിനിമ അല്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കേരള സ്റ്റോറി. ഐ.എസ് റിക്രൂട്ട്‌മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്നാനി എന്നിവരാണ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസിന് പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതുവലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

We use cookies to give you the best possible experience. Learn more