|

പി.എം കെയേഴ്‌സില്‍ സംഭാവനകള്‍ നല്‍കിയവരുടെ പേരു പുറത്തു വിടാതെ കേന്ദ്രം, ചോദ്യവുമായി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിനായി കൊണ്ടു വന്ന പി.എം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നടത്തിയവരുടെ പേരുകള്‍ പുറത്തു വിടാതെ കേന്ദ്രം. മാര്‍ച്ച് 26 മുതല്‍ 31 വരെയുള്ള അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ 3076 കോടി രൂപയാണ് പി.എം കെയേര്‍സിലേക്ക് എത്തിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്.

സംഭാവന നടത്തിയവരുടെ പേരുകള്‍ പുറത്തു വിടാത്തതില്‍ ചോദ്യവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബംരം രംഗത്തെത്തിയിട്ടുണ്ട്.

‘മാര്‍ച്ച് 26 മുതല്‍ 31 വരെയുള്ള അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ 3076 കോടി രൂപയാണ് പി.എം കെയേര്‍സിലേക്ക് എത്തിയതെന്ന് ഓഡിറ്റേര്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഈ ഉദാരദാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. വമ്പന്‍തുക സംഭാവന നല്‍കുന്ന മറ്റെല്ലാ എന്‍.ജി.ഒകളും ട്രസ്റ്റുകളും പേരുകള്‍ വെളിപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. എന്തു കൊണ്ടാണ് പി.എം കെയര്‍ ഫണ്ടിന് ഇത് ബാധകമല്ലാത്തത്? ‘ ചിദംബംരം ട്വീറ്റ് ചെയ്തു.

എന്തു കൊണ്ടാണ് ട്രസ്റ്റിമാര്‍ സംഭാവന നല്‍കിയവരുടെ പേര് പുറത്തു വിടാന്‍ ഭയക്കുന്നതെന്നും ചിദംബംരം ചോദിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പി.എം കെയേര്‍സ് ഫണ്ടിന്റെ ചെയര്‍പേഴ്‌സണ്‍. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ട്രസ്റ്റിമാര്‍. പി.എം കെയേഴ്‌സിലേക്ക് ലഭിച്ച 3706 കോടിയില്‍ 3705.85 കോടി രൂപയും ഇന്ത്യയില്‍ നിന്ന് തന്നെ ലഭിച്ചതാണ്. 39.67 ലക്ഷമാണ് വിദേശത്ത് നിന്ന് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

conent highlight: pm chidambaram ask center why dont reveal the name of donors in pm care fund