'വിവരങ്ങൾ രഹസ്യമാണ്'; പി.എം. കെയർ പൊതുസ്ഥാപനമല്ലെന്ന് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടി
national news
'വിവരങ്ങൾ രഹസ്യമാണ്'; പി.എം. കെയർ പൊതുസ്ഥാപനമല്ലെന്ന് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 8:17 pm

ന്യൂദൽ​ഹി: കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പി.എം.കെയർ ഒരു പൊതുസ്ഥാപനമല്ലെന്നും അതിനാൽ ഇതുമായി സംബന്ധിച്ച വിവരങ്ങൾ തരാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്. അസിം പ്രേംജി സർവ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സൂര്യ ശ്രീ ഹർഷ തേജ വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷയ്ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഈ മറുപടി ലഭിച്ചത്.

2020 എപ്രിൽ ഒന്നിന് സമർപ്പിച്ച അപേക്ഷയിൽ തേജ പി.എം കെയറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇതുമായി ബന്ധപ്പട്ട സർക്കാർ ഉത്തരവുകളുടെ പകർപ്പിനും തേജ ആവശ്യപ്പെട്ടിരുന്നു.

മെയ് 29നാണ് തേജയ്ക്ക് പി.എം കെയർ ഒരു പൊതുസ്ഥാപനമല്ലെന്നും അതിനാൽ ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള മറുപടി ലഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആർ.ടി.ഐയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടിയിൽ അപ്പീലിന് പോകുമെന്ന് തേജ പ്രതികരിച്ചു. പി.എം.കെയർ പൊതുസ്ഥാപനമല്ലെങ്കിൽ പിന്നെ എന്താണെന്നും അവർ ചോദിച്ചു. പി.എം.കെയർ പൊതു സ്ഥാപനമല്ല എന്ന് വ്യക്തമാക്കുന്നതോട് കൂടി ഇതിന് യാതൊരു സുതാര്യതയും ഇല്ലെന്നാണ് സർക്കാർ പറയുന്നതെന്നും തേജ ദ ഫെഡറലിനോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക