|

കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പത്ത് ലക്ഷം; പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ പ്രഖ്യപിച്ച് കേന്ദ്രം. തുക കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഇത് 23 വയസാകുമ്പോള്‍ പിന്‍വലിക്കാം.

പി.എം കെയെഴ്‌സ് ഫണ്ടിലൂടെയാണ് തുക നല്‍കുക. ബാങ്കിലിടുന്ന തുക ഉപയോഗിച്ച് 18 വയസ് മുതല്‍ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്റ്റൈപന്‍ഡ് നല്‍കും.

പത്ത് വയസിന് താഴെയുള്ള കുട്ടികളാണെങ്കില്‍ കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് നല്‍കും. 10 വയസിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ സൈനിക് സ്‌കൂള്‍, നവോദയ തുടങ്ങിയ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാം.

മറ്റേതെങ്കിലും രക്ഷിതാവുണ്ടെങ്കില്‍ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ ചേര്‍ന്ന് പഠിക്കാം.

ഇന്ത്യയില്‍ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കാനും സഹായിക്കും. വായ്പയുടെ പലിശ പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്നു നല്‍കും.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 18 വയസ് വരെ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

PM Cares for children RS 10 lakh  for orphaned children in Covid; Center announces new projects