ന്യൂദല്‍ഹി: രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഓരോ ഇന്ത്യക്കാരന്റെ മനസിനേയും വേദനിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ.
സാധാരണഗതിയില്‍ ഒരു രാജ്യത്തെ ജനങ്ങളോടാണ് പ്രധാനമന്ത്രിമാര്‍ സംവദിക്കുന്നത്. അത് വലിയ ഉത്തരവാദിത്തമാണ്. വിഡ്ഡിത്തം പുലമ്പാനുള്ള അവസരമല്ല അത്.
”പ്രധാനമന്ത്രീ താങ്കള്‍ വിഡ്ഡിത്തം പറയരുത്. എന്താണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചത്. ഞങ്ങള്‍ക്ക് തന്നെ ലജ്ജ തോന്നുന്നു. ഞാനും ഒരു ഗുജറാത്തിയാണ്. ഗാന്ധിജിയുടെ സംസ്ഥാനത്ത് നിന്നാണ് ഞാനും വരുന്നത്. ഇവിടെ നിന്നും വന്ന ഒരാള്‍ ഇത്രയും വലിയ കള്ളം പറയുന്നു. ഇത്രയും തരംതാഴ്ന്ന കാര്യങ്ങള്‍ പറയുന്നു. ഇത് അങ്ങേയറ്റം വിഷമവും ലജ്ജയുമുണ്ടാക്കുന്ന കാര്യമാണ്”- പിത്രോഡ പറഞ്ഞു.
മോദി സര്‍ക്കാര്‍ താഴെ വീഴുമെന്ന കാര്യത്തില്‍ സംശയമില്ല. സോഷ്യല്‍ മീഡിയ വഴി പച്ചക്കള്ളം വിളിച്ചു പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ബി.ജെ.പിക്കാര്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്നു. എന്തിന് വേണ്ടിയാണ് അത്. അദ്ദേഹം വലിയ മനുഷ്യനാണ്. പെയ്ഡ് ന്യൂസുകള്‍ വഴി ഉണ്ടാക്കിയെടുത്ത വ്യക്തിത്വമല്ല രാഹുലിന്റേത്.
100 കോടി രൂപയാണ് ബി.ജെ.പി ഫേസ്ബുക്കില്‍ പരസ്യത്തിനായി ചിലവഴിച്ചത്. പൊതുജനങ്ങളുടെ കയ്യിലെ പണം എടുത്ത് ഞങ്ങള്‍ പബ്ലിസിറ്റി ചെയ്യില്ല. അത് ശരിയുമല്ല. സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിക്കാര്‍ ജനങ്ങളുടെ പണം അപഹരിക്കുകയാണ്- പിത്രോഡ പറഞ്ഞു.