| Monday, 28th February 2022, 12:18 pm

കേന്ദ്രമന്ത്രിമാര്‍ ഉക്രൈന്‍ അതിര്‍ത്തിയിലേക്ക്; വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ. ഉക്രൈന്‍-റഷ്യ വിഷയം ചര്‍ച്ച ചെയ്യാനും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ യോഗം വിളിച്ചിരുന്നു. ഉക്രൈനില്‍ കുടുങ്ങിയ 16000 വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് യോഗത്തില്‍ തീരുമാനമായത്.

രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ ഉക്രൈന്‍ അതിര്‍ത്തികളിലേക്ക് അയക്കാനും യോഗം തീരുമാനിച്ചു. മന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവരായിരിക്കും അതിര്‍ത്തികളിലേക്ക് പോകുക.

നിലവില്‍ ബങ്കറുകളിലും ബോംബ് ഷെല്‍ട്ടറുകളിലും ഹോസ്റ്റല്‍ ബേസ്‌മെന്റുകളിലുമെല്ലാം കഴിയുകയാണ് വിദ്യാര്‍ത്ഥികള്‍.

രാജ്യത്ത് കഴിയുന്നവര്‍ ഇപ്പോഴും അതിര്‍ത്തിയിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണവും വെള്ളവും ഇല്ലെന്നും അതിര്‍ത്തിയില്‍ എത്തിച്ചേരാന്‍ തങ്ങള്‍ക്ക് വാഹനസൗകര്യമോ ട്രെയിന്‍ സൗകര്യമോ ലഭിച്ചിട്ടില്ലെന്നും കീവില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു.

ഇതുവരെ ഉക്രൈനില്‍ നിന്നുള്ള ഇന്ത്യാക്കാരുമായി അഞ്ചു വിമാനങ്ങളാണ് രാജ്യത്തെത്തിയത്. 1156 പൗരന്മാരെയാണ് ഇതുവരെ തിരിച്ചെത്തിക്കാനായത്. 200 ഇന്ത്യാക്കാര്‍ ഇന്ന് പോളണ്ട് അതിര്‍ത്തി കടന്ന് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 90 മലയാളികളുമുണ്ട്. 45 ഇന്ത്യക്കാര്‍ ബസില്‍ മാള്‍ഡോവയിലെത്തി. ഇവര്‍ക്കായി സൈനിക ആശുപത്രി മാള്‍ഡോവ തുറന്നു നല്‍കി. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയശേഷം ഇവരെ റൊമേനിയയിലേക്ക് കൊണ്ടുപോകും.

അതേസമയം ഉക്രൈനിലെ തെക്കു കിഴക്കന്‍ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. വടക്കന്‍ ഉക്രൈനിലെ ചെര്‍ണിഗോവില്‍ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു.

തലസ്ഥാനമായ കീവില്‍ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഉക്രൈനിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം നടന്നതായാണ് വിവരം. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് 14 കുട്ടികള്‍ ഉള്‍പ്പടെ 352 സാധാരണക്കാര്‍ ഉക്രൈനില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: PM Calls Ukraine Meet; 4 Ministers To Go For Evacuation Ops, Say Sources

We use cookies to give you the best possible experience. Learn more