ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഒരു മാസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രവചാനാതീതമായി കൊവിഡ് കേസുകള്‍ ഉയരുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനു പിന്നാലെയാണ് നീക്കം.
ബ്രിട്ടനിലെ മിക്ക ഇടങ്ങളിലും വീണ്ടും കൊവിഡ് വ്യാപിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ സയന്റിഫിക് ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സി അംഗമാണ് കൊവിഡ് അനിയന്ത്രിതമായ രീതിയില്‍ രാജ്യത്ത് വ്യാപിക്കുന്നെന്ന് മുന്നറിയിപ്പ് നല്‍കിയത്. എല്ലാ പ്രായക്കാര്‍ക്കുമിടയില്‍ വൈറസ് വ്യാപനം നടക്കുന്നെന്നാണ് മുന്നറിയിപ്പ്.
‘ രണ്ടാം ഘട്ട വ്യാപനം ഉണ്ടെന്ന് വിശ്വസിക്കാത്തവരോടായി പറയട്ടെ രണ്ടാം ഘട്ട വ്യാപനം ഉണ്ട്, ലിവര്‍പൂള്‍ സര്‍വകലാശാലയിലെ പ്രൊഫസറായ കാലം സെംപിള്‍ ബി.ബി.സിയോട് പറഞ്ഞു.
നിലവില്‍ മൂന്ന് ഘട്ടങ്ങളിലായി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയാണ് ബ്രിട്ടീഷ് സര്‍ക്കാരിനുള്ളത്. ഒപ്പം സ്‌കോട്‌ലന്റ്, വേല്‍സ്, നോര്‍ത്ത് അയര്‍ലന്റ് എന്നിവിടങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന് ഇവിടത്തെ അധികൃതരുടെ പ്രത്യേക നിയന്ത്രണങ്ങളാണ്.
46,299 പേരാണ് ബ്രിട്ടനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്. നേരത്തെ സ്‌പെയിനിലും ഇറ്റലിയിലും വീണ്ടും ചിലയിടങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും വര്‍ധിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.