ബെംഗളൂരു: ഭരണഘടനയെ വളച്ചൊടിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ഗൂഢാലോചന നടത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ആർ.എസ്.എസിന്റെ കൈയിലെ പാവയെ പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നത് എന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
‘ഈ രാജ്യത്ത് ഒരു ഭരണഘടന ഇല്ലായിരുന്നുവെങ്കിൽ ജനാധിപത്യത്തെ സംരക്ഷിക്കുവാൻ നമുക്ക് സാധിക്കുമായിരുന്നില്ല. ഒരുപാട് പ്രയത്നിച്ചുകൊണ്ടാണ് സ്വതന്ത്ര സമര നേതാക്കളും ഭരണഘടനാ സമിതിയിലെ അംഗങ്ങളും രാജ്യത്തിന് ഈ ഭരണഘടന നൽകിയത്,’ ഖാർഗെ പറഞ്ഞു.
ഭരണഘടനയിൽ തുല്യത, സാഹോദര്യം, മതേതരത്വം, നീതി പോലുള്ള സുപ്രധാന തത്വങ്ങൾ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ആർ.എസ്.എസും ബി.ജെ.പിയും ഭരണഘടനയെ വളച്ചൊടിക്കാനും മാറ്റിയെഴുതാനും ശ്രമിക്കുന്നു. നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങളെ ഓരോന്നായി ഇല്ലാതാക്കാനും ദുർബലപ്പെടുത്താനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്.
പ്രത്യേകിച്ച് മോദി ആർ.എസ്.എസ്സിന്റെ കൈയിലെ പാവയെപ്പോലെ പെരുമാറുമ്പോൾ നമ്മുടെ ജുഡീഷ്യറിയും മതേതരത്വവും ആഘാതം നേരിടുന്നു,’ ഖാർഗെ പറഞ്ഞു.
നല്ല ആളുകൾ ഭരണഘടന നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബി.ആർ. അംബേദ്കർ 1949 ജനുവരി 26ന് പറഞ്ഞത് സംബന്ധിച്ചും ഖാർഗെ സംസാരിച്ചു.
‘ അദ്ദേഹം അന്ന് പറഞ്ഞത് ഇപ്പോൾ സത്യം ആയിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഭരണഘടന നടപ്പിലാക്കുന്നവർ നല്ല ആളുകളല്ല. അതുകൊണ്ട് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെല്ലാം നമ്മൾ കാണേണ്ടിവരുന്നു,’ ഖാർഗെ പറഞ്ഞു.
Content Highlight: PM behaving like a puppet in the hands of RSS: Congress President Kharge