പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് ചായ വിളമ്പി രാജ്യസഭാ ഉപാധ്യക്ഷന്‍: കര്‍ഷക വിരുദ്ധനായ നിങ്ങളുടെ ചായ വേണ്ടെന്ന് എം.പിമാര്‍
national news
പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് ചായ വിളമ്പി രാജ്യസഭാ ഉപാധ്യക്ഷന്‍: കര്‍ഷക വിരുദ്ധനായ നിങ്ങളുടെ ചായ വേണ്ടെന്ന് എം.പിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 10:55 am

ന്യൂദല്‍ഹി: സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്ന എം.പിമാര്‍ക്ക് ചായയുമായെത്തി രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ്. എന്നാല്‍ കര്‍ഷക വിരുദ്ധനായ നിങ്ങളുടെ ചായ നയതന്ത്രം ഞങ്ങള്‍ക്ക് വേണ്ടെന്നായിരുന്നു ചായ നിരസിച്ചുക്കൊണ്ട് എം.പിമാര്‍ പറഞ്ഞത്. കര്‍ഷക ബില്ലിനോടുള്ള പ്രതിഷേധത്തിനിടെ രാജ്യസഭ ഉപാധ്യക്ഷനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എം.പിമാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരുന്നത്.

തിങ്കളാഴ്ച രാത്രിയോടെ പാര്‍ലമെന്റിന് മുന്നില്‍ സമരം ആരംഭിച്ച എം.പിമാര്‍ രാത്രി മുഴുവന്‍ അവിടെ കഴിയുകയായിരുന്നു. രാവിലെയോടെയാണ് ഹരിവന്‍ഷ് ചായുമായെത്തിയത്. ഹരിവന്‍ഷിന്റെ നടപടിയെ പ്രകീര്‍ത്തിച്ചുക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.

ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ‘തന്നെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തവര്‍ക്ക് ചായ വിളമ്പി നല്‍കിയതിലൂടെ ശ്രീ. ഹരിവന്‍ഷ് ജിയുടെ എളിമയുള്ള മനസ്സും വിശാല ഹൃദയവുമാണ് വ്യക്തമാകുന്നത്.’ മോദി പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

അതേസമയം പുതിയ ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബിലും ഹരിയാനയിലും ഒരു മാസം മുന്‍പ് തന്നെ കര്‍ഷകര്‍ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുക്കൊണ്ടായിരുന്നു പഞ്ചാബില്‍ നിന്നുള്ള ഹര്‍സിമ്രത് കൗറിന്റെ രാജി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Backs Rajya Sabha Deputy Chairman After Suspended MPs Snub Tea Offer