| Thursday, 25th February 2021, 1:41 pm

'ഫിഷറീസ് വകുപ്പിനെക്കുറിച്ച് രാഹുല്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി, ഇതൊന്നും അറിയില്ലേ'; പരിഹാസവുമായി നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ ഫിഷറീസ് വകുപ്പ് പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയാണ് പുതുച്ചേരിയിലെത്തിയ നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാവിനെ കടന്നാക്രമിച്ചത്.

നേരത്തെ കേന്ദ്ര സര്‍ക്കാരില്‍ ഫിഷറീസ് മന്ത്രാലയം സൃഷ്ടിക്കുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. 2019ല്‍ തന്നെ ഫിഷറീസ് മന്ത്രാലയം കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിന് അറിയില്ല എന്നത് തന്നെ ഞെട്ടിച്ചുവെന്നുമാണ് പുതുച്ചേരിയില്‍ മോദി പറഞ്ഞത്.

” ഒരു കോണ്‍ഗ്രസ് നേതാവ് മുന്നോട്ട് വന്ന് രാജ്യത്ത് ഫിഷറീസ് മന്ത്രാലയം ഇല്ല, അതുകൊണ്ട് പുതിയതൊന്ന് ഉണ്ടാക്കുമെന്ന് പറഞ്ഞത് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി.

സത്യമെന്താണെന്ന് വെച്ചാല്‍ ഫിഷറീസ് മന്ത്രാലയം നേരത്തെ തന്നെ ഇന്ത്യയ്ക്കുണ്ട്. ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാര്‍ 2019ലാണ് ഫിഷറീസ് മന്ത്രാലയം സൃഷ്ടിച്ചത്,” മോദി പറഞ്ഞു.

വ്യാഴാഴ്ച പുതുച്ചേരിയിലെത്തിയ പ്രധാനമന്ത്രി പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രി പുതുച്ചേരിയില്‍ എത്തിയത്.

കോണ്‍ഗ്രസില്‍ നിന്നുള്ള എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഒരു മാസത്തിനിടെ ഡി.എം.കെയുടെ ഒരു എം.എല്‍.എയും കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരുമാണ് പുതുച്ചേരിയില്‍ രാജിവെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight:  PM Attacks Rahul Gandhi Over “Fisheries Ministry” Remark
We use cookies to give you the best possible experience. Learn more