| Tuesday, 20th June 2023, 10:46 pm

ധീരജ് കൊലക്കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായി, മാധ്യമങ്ങളത് വാര്‍ത്തയാക്കിയോ? ആര്‍ഷോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ(22) കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായി തെരഞ്ഞെടുത്തത് എന്തുകൊണ്ട് മാധ്യമങ്ങള്‍ കാര്യമായി വാര്‍ത്തയാക്കിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ.

പി.എം. ആര്‍ഷോ

നിഖില്‍ പൈലിയെ സംസ്ഥാന ഭാരവാഹിയായി തെരഞ്ഞെടുത്തത് താന്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി ബന്ധപ്പെട്ട് അറിയിച്ചിരുന്നു. അപ്പോഴാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിലെങ്കിലും ഒരു വാര്‍ത്ത നല്‍കാന്‍ തയ്യാറായതെന്നും ആര്‍ഷോ ആരോപിച്ചു. മീഡിയാവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിഖില്‍ പൈലി

‘നിഖില്‍ പൈലി വിഷയം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതേയില്ല. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തിപരമായി വിവരങ്ങള്‍ അയച്ചുകൊടുത്തിട്ട്, ആ ഒരു വാര്‍ത്ത കണ്ടില്ല എന്ന് ചോദിക്കുമ്പോഴാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിലെങ്കിലും ഒരു വാര്‍ത്ത വരുന്നത്. ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയല്ലേ നിഖില്‍ പൈലി.

ധീരജ്

അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹിയായി നിയമിക്കുന്നത് കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലേ. അങ്ങനെ മാധ്യമങ്ങള്‍ക്ക് തോന്നാത്തയിടത്ത് അവര്‍ നിഷ്പക്ഷരല്ലെന്ന് പറയാന്‍ കഴിയും.

ആര്‍ഷോ കൊലക്കേസിലെ പ്രതിയായിരുന്നില്ല. എന്നിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഞാന്‍ ജയിലില്‍ പോയത് വലിയ ചര്‍ച്ചയാക്കി. ആ വിഷയത്തില്‍ മാധ്യമങ്ങള്‍ സായാഹ്ന ചര്‍ച്ച നടത്തിയിട്ടില്ല എന്നത് ആര്‍ക്കും പറയാന്‍ കഴിയില്ല,’ ആര്‍ഷോ പറഞ്ഞു.

അതേസമയം, നിഖില്‍ പൈലി യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ സംസ്ഥാന വര്‍ക്കിങ് ചെയര്‍മാനായി തെരഞ്ഞെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ചെയര്‍മാന്‍ ചാണ്ടി ഉമ്മനാണ് കൊലക്കേസ് പ്രതിയെ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധീരജ് കൊലക്കേസില്‍ നിഖില്‍ പൈലിക്ക്  ജാമ്യം ലഭിച്ചിരുന്നു.

Content Highlight: PM Arsho says Nikhil Pile, became the state office bearer of the Youth Congress, did the media make it news? 

We use cookies to give you the best possible experience. Learn more