| Monday, 19th June 2023, 11:34 am

ആലപ്പുഴയ്ക്ക് മുമ്പും ആലപ്പുഴയിലും വ്യാജ ഡിഗ്രിയുണ്ടാക്കിയിട്ടില്ല; നിഖില്‍ തോമസിന്റേത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്: എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് എസ്.എഫ്.ഐ. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചെന്നും കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതുമായി ബന്ധപ്പെട്ട മാര്‍ക്ക്‌ലിസ്റ്റ്, ടി.സി. ഉള്‍പ്പെടെയുള്ള മുഴുവന്‍ ഡോക്യുമെന്റുകളും യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെട്ടതായി സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു. മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത പോലെ ഇത് വ്യാജമല്ലെന്നും അതേസമയത്ത് തന്നെ കായംകുളം എം.എസ്.എം കോളേജില്‍ ഡിഗ്രിക്ക് ജോയിന്‍ ചെയ്ത് പഠിച്ചിട്ടുണ്ടായിരിന്നെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ ഡോക്യുമെന്റ്‌സ് നമുക്ക് ലഭിച്ചു, അത് പരിശോധിച്ചു. പരിശോധനയില്‍ നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതുമായി ബന്ധപ്പെട്ട ഡിഗ്രി മാര്‍ക്ക് ലിസ്റ്റ്, ടി.സി. ഉള്‍പ്പെടെയുള്ള മുഴുവന്‍ ഡോക്യുമെന്റുകളും യാഥാര്‍ത്ഥ്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

നിങ്ങള്‍ കൊടുത്ത വാര്‍ത്ത പോലെ അത് വ്യാജ ഡിഗ്രിയല്ല. അദ്ദേഹം അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, പരീക്ഷ എഴുതി പാസായിട്ടുണ്ട്. അതേസമയം തന്നെ കായംകുളം എം.എസ്.എം കോളേജില്‍ ഡിഗ്രിക്ക് ജോയിന്‍ ചെയ്ത് പഠിച്ചിട്ടുണ്ടായിരുന്നു. ആ ഡിഗ്രി അദ്ദേഹം ക്യാന്‍സല്‍ ചെയ്തു. അതിന്റെ ഡോക്യുമെന്റും ഒറിജിനലാണ്. അദ്ദേഹത്തിന്റെ പി.ജി. അഡ്മിഷനുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുമുള്ള ക്രമക്കേടുമുണ്ടായിട്ടില്ല,’ ആര്‍ഷോ പറഞ്ഞു.

ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ട് ആലപ്പുഴയിലും വ്യാജ ഡിഗ്രിയാണെന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആലപ്പുഴക്ക് മുമ്പും ആലപ്പുഴയിലും എസ്.എഫ്.ആ വ്യാജ ഡിഗ്രിയുണ്ടാക്കിയിട്ടില്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

‘ഈ വാര്‍ത്ത നല്‍കുമ്പോള്‍ ബഹുഭൂരിപക്ഷം മാധ്യമങ്ങളും അവകാശപ്പെട്ടത് ആലപ്പുഴയിലും വ്യാജ ഡിഗ്രിയെന്നാണ്. ആ തലക്കെട്ട് ബോധപൂര്‍വമാണ്, മാധ്യമങ്ങള്‍ക്ക് അത് നല്‍കാനുള്ള അവകാശമുണ്ട്. ആലപ്പുഴയ്ക്ക് മുമ്പും എസ്.എഫ്.ഐ വ്യാജ ഡിഗ്രിയുണ്ടാക്കിയിട്ടില്ല. ആലപ്പുഴയിലും ഉണ്ടാക്കിയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ ആര്‍.ടി.എ വഴി ലഭ്യമാകുന്നതാണ്. നിങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ നിങ്ങളുടെ കൈവശം ഒരു ഡോക്യുമെന്റുമുണ്ടായിരുന്നില്ല.

ഈ പറയുന്ന വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇതൊന്നുമില്ലാതെയാണ് എസ്.എഫ്.ഐക്കെതിരെ വാര്‍ത്ത നല്‍കിയത്. ഞാനുമായി ബന്ധപ്പെട്ട് കൊടുത്ത വാര്‍ത്ത അങ്ങനെയല്ലെന്ന് മനസിലായ ഘട്ടത്തില്‍ അത് തിരുത്താന്‍ ഒന്നോ രണ്ടോ മാധ്യമങ്ങളേ തയ്യാറായിരുന്നുള്ളൂ. രണ്ട് ദിവസം ആ വിദ്യാര്‍ത്ഥിയെ നിങ്ങള്‍ വീണ്ടും കള്ളനാക്കി. അത് വ്യാജ ഡിഗ്രിയല്ലെന്ന് പറയുന്നതിന് നിങ്ങള്‍ തയ്യാറാകണമെന്നാണ് ഈ ഘട്ടത്തില്‍ സൂചിപ്പിക്കാനുള്ളത്,’ ആര്‍ഷോ പറഞ്ഞു.

ഡിഗ്രി തോറ്റ നിഖില്‍ തോമസ് എം.കോമിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്നാണ് ആരോപണമുയര്‍ന്നത്. എന്നാല്‍ കായംകുളം എം.എസ.എം കോളേജിലെ കോഴ്സ് റദ്ദാക്കിയതിനാലാണ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതെന്നാണ് നിഖില്‍ വിഷയത്തില്‍ പ്രതികരിച്ചത്.

CONTENT HIGHLIGHTS: pm arsho about nikhil thomas

We use cookies to give you the best possible experience. Learn more