| Friday, 22nd May 2020, 6:35 pm

ഉംപൂണ്‍ ചുഴലിക്കാറ്റ്; ഒഡിഷയ്ക്ക് 500 കോടിയുടെ മുന്‍കൂര്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയ്ക്ക് 500 കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, പ്രതാപ് സിംഗ് സാരംഗി എന്നിവരുമായി ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത്.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ദുരിതബാധിതമേഖലകള്‍ മോദി വ്യോമമാര്‍ഗം നിരീക്ഷിച്ചു.

നേരത്തെ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രധാനമന്ത്രി അനുവദിച്ചിരുന്നു. ഉംപുണ്‍ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തന്നതിനായി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഉംപുണ്‍ വലിയ ആഘാതമാണ് ബംഗാളിന് ഏല്‍പ്പിച്ചത്. സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ സഹായ ധനവും നല്‍കുമെന്നും മോദി പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പമാണ് പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളില്‍ ആകാശ നിരീക്ഷണം നടത്തിയത്.

ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 80 പേരും ഒഡീഷയില്‍ രണ്ട് പേരുമാണ് മരിച്ചത്. ഇത് വലിയ ദുരന്തമാണെന്നും ആറ് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more