| Friday, 20th December 2019, 3:56 pm

'ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം അവര്‍'; മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തിലെ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. എന്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ആഭ്യന്തര മന്ത്രിയും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശമാണ് ബി.ജെ.പിക്കു കീഴില്‍ ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം. എന്തിന്റെ അടിസ്ഥാനത്തിലാണ് 144-ാം വകുപ്പ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ആഭ്യന്തരമന്ത്രിയും ഉത്തരം നല്‍കണം.

അവരോടൊപ്പം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമാണ് കര്‍ണാടകത്തിലും ഇന്ത്യയില്‍ ഉടനീളവും നടക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം.’- ശിവകുമാര്‍ ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാളെ വരെ തുടരും. എന്നാല്‍ വിലക്കുകളുടെ നിയമസാധുത പരിശോധിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഹൈക്കോടതി രംഗത്തെത്തിയത്.

‘എല്ലാ പ്രതിഷേധങ്ങളെയും വിലക്കാനാണോ നിങ്ങളുടെ ഭാവം? കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് മുമ്പ് അനുവദിച്ച അനുമതി നിങ്ങള്‍ക്ക് എങ്ങനെ റദ്ദാക്കാനാകും?’, ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് സര്‍ക്കാരിനോട് ചോദിച്ചു. നിരോധനാജ്ഞയ്ക്കെതിരെയുള്ള വാദങ്ങള്‍ കേള്‍ക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

എല്ലാ പ്രതിഷേധങ്ങളും അക്രമാസക്തമാകുമെന്ന് എങ്ങനെയാണ് മുന്‍കൂട്ടി ധരിക്കുക? സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കില്‍ ഒരു എഴുത്തുകാരനോ കലാകാരനോ സമാധാനപരമായ പ്രതിഷേധം നടത്താന്‍ കഴിയില്ലേ,’ ചീഫ് ജസ്റ്റിസ് ചോദിച്ചു.

പ്രതിഷേധം നടത്താന്‍ പോലീസ് ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും 144 വകുപ്പ് ചുമത്തിയ ശേഷം അത് റദ്ദാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാല് മണിക്ക് മറുപടി സമര്‍പ്പിക്കാനും കോടതി എ.ജിയോട് ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ തെരുവിലിറങ്ങിയ നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമചന്ദ്ര ഗുഹയടക്കമുള്ള പ്രമുഖരായിരുന്നു അറസ്റ്റിലായത്. ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more