| Sunday, 28th April 2019, 9:55 am

രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് മോദി സ്വന്തം ജാതിയെ പിന്നാക്ക സമുദായങ്ങളുടെ ലിസ്റ്റില്‍ ചേര്‍ത്തത്; മോദിയ്ക്ക് മറുപടിയുമായി മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ജാതി പിന്നാക്ക സമുദായങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ബി.എസ്.പി നേതാവ് മായാവതി. പ്രതിപക്ഷം തന്നെ താഴ്ന്നയാളായാണ് കാണുന്നതെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി അദ്ദേഹത്തിന്റെ ജാതിയെ താഴ്ന്ന ജാതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് മായാവതിയുടെ ആരോപണം. ‘ തെരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മോദി അദ്ദേഹത്തിന്റെ ഉയര്‍ന്ന ജാതിയെ താഴ്ന്ന ജാതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

മുലായാം സിങ്ങിനെയും അഖിലേഷ് യാദവിനെയും പോലെ മോദി പിന്നാക്ക ജാതിയിലല്ല ജനിച്ചത്.’ ലക്‌നൗവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഇന്ന് കാനൂജില്‍ മോദി പറഞ്ഞു, ബെഹന്‍ജിയും അഖിലേഷും താന്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടയാളായതുകൊണ്ട് താഴ്ന്നയാളായാണ് കാണുന്നതെന്ന്. അവരുടെ ദളിത് പിന്നാക്ക കാര്‍ഡ് ഇനിയിവിടെ ഇറക്കിയിട്ട് കാര്യമില്ല.’ എന്നും മായാവതി പറഞ്ഞു.

‘എതിരാളികള്‍ എന്നെ അധിക്ഷേപിക്കുംവരെ രാജ്യത്തുള്ളവര്‍ക്ക് എന്റെ ജാതി അറിയില്ലായിരുന്നു. എന്റെ ജാതി ചര്‍ച്ചയാക്കുന്നതിന് മായാവതിജിക്കും അഖിലേഷ് ജിക്കും കോണ്‍ഗ്രസുകാര്‍ക്കും നന്ദി. പിന്നാക്ക സമുദായത്തില്‍ ജനിക്കുന്നത് രാജ്യത്തെ സേവിക്കാനുള്ള അവസരമായി ഞാന്‍ കാണുന്നു.’ എന്നായിരുന്നു ഉത്തര്‍പ്രദേശിലെ കാനൂജില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.

തന്റെ ജാതി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും മോദി അപേക്ഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more