| Thursday, 13th April 2023, 12:06 pm

പ്ലസ് ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജിയാണ് കോടതിയെ സമീപിച്ചത്.

പ്ലസ് ടു കോഴ്‌സ് അനുവദിക്കാമെന്ന് പറഞ്ഞ് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങി എന്നതായിരുന്നു ഷാജിക്കെതിരായ കേസ്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് 2020ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് അഴീക്കോട്ടെ ഷാജിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

റെയ്ഡില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. ഈ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ബൂത്ത് കമ്മിറ്റികളില്‍ നിന്ന് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പിരിച്ചെടുത്തതാണെന്നായിരുന്നു അന്ന് ഷാജി പറഞ്ഞത്.

എന്നാല്‍ ഇത്രയും തുക പിരിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്ന് വിജിലന്‍സ് കോടതി അന്ന് ഷാജിയോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഇ.ഡിയും ഷാജിക്കെതിരെ കേസെടുത്തിരുന്നു.

കേസില്‍ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും വിജിലന്‍സ് നടത്തിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഷാജിക്കെതിരായ കുറ്റം നില്‍നില്‍ക്കുന്നതാണെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്.

അതിനാല്‍ തന്നെ എഫ്.ഐ.ആര്‍ നിലനില്‍ക്കുമെന്ന വാദമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും കെ.എം ഷാജിക്ക് കോഴക്കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായെന്നായിരുന്നു സര്‍ക്കാര്‍ വാദം.

എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് പ്ലസ് ടു കോഴക്കേസെന്നും ഇതില്‍ കൃത്യമായ അന്വേഷണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ലെന്നുമായിരുന്നു ഷാജി ആരോപിച്ചിരുന്നത്.

വിജിലന്‍സ് എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്തുകൊണ്ട് നേരത്തെ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നത്.

Content Highlights: Plus two corruption case; The High Court quashed the FIR against KM Shaji

We use cookies to give you the best possible experience. Learn more