കോഴിക്കോട്: മൂന്ന് അലോട്ട്‌മെന്റ് തീര്‍ന്നിട്ടും മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായിരിക്കെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും.
മൂന്നാംഘട്ട അപേക്ഷയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും പിഴവ് കാരണം അപേക്ഷ തള്ളിപ്പോയവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിക്കാനുള്ള അവസരം. അപേക്ഷകള്‍ പരിഗണിച്ച് അടുത്ത ദിവസം തന്നെ പട്ടിക പ്രസിദ്ധീകരിക്കും.
തുടര്‍ന്ന് താലൂക്ക് തല പരിശോധന നടത്തി അധിക സീറ്റ് അനുവദിച്ച് ബദല്‍ സംവിധാനം ഒരുക്കും എന്നാണ് സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന ഉറപ്പ്. മൂന്നാം ഘട്ട അലോട്ട്‌മെന്റില്‍ ബാക്കിയുള്ള സീറ്റുകളാണ് സപ്ലിമെന്ററിയില്‍ പരിഗണിക്കുക.
അന്‍പതിനായിരത്തോളം സീറ്റുകളാണ് മെറിറ്റില്‍ ആകെ ബാക്കിയുള്ളത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മലബാറിലെ ജില്ലകളില്‍ മാത്രം 43,000ത്തോളം കുട്ടികള്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ പുറത്തുനില്‍ക്കുകയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കുട്ടികള്‍ പുറത്തുള്ളത്. ജൂലൈ അഞ്ചിന് തന്നെ ക്ലാസുകള്‍ തുടങ്ങിയിരുന്നു. എന്നിട്ടും മികച്ച വിജയം നേടിയ കുട്ടികള്‍ അടക്കം മലബാറില്‍ പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുകയാണ്.
വിഷയത്തില്‍ മുസ്‌ലിം ലീഗ് തങ്ങളുടെ രണ്ടാംഘട്ട പ്രക്ഷോഭം ഇന്ന് ആരംഭിക്കാനിരിക്കുകയാണ്. മലബാര്‍ ജില്ലകളിലെ വദ്യാഭ്യാസ ഓഫീസുകള്‍ ഉപരോധിക്കാനാണ് ലീഗിന്റെ തീരുമാനം.
സപ്ലിമെന്ററി അലോട്ട്‌മെന്റിന് എങ്ങനെ അപേക്ഷിക്കാം
https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. മുഖ്യ അലോട്‌മെന്റിനു ശേഷം സ്‌കൂളുകളിലെ സീറ്റുകളുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ സ്‌കൂളുകളിലും വിവിധ കോമ്പിനേഷനുകളില്‍ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഇതില്‍നിന്ന് മനസിലാക്കാം. ഇത് പരിശോധിച്ചുവേണം ഓപ്ഷന്‍ നല്‍കാന്‍.