| Sunday, 23rd June 2024, 10:09 am

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; സര്‍ക്കാരിനെതിരെ സമരത്തിന് എസ്.എഫ്.ഐയും; തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് എസ്.എഫ്.ഐ. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് മാര്‍ച്ച്.

മലബാറില്‍ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള വാദങ്ങള്‍ക്ക് പിന്നാലെയാണ് ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ സമരം.

മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 32,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറത്ത് മാത്രം സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മലബാര്‍ ജില്ലകളിലാകെ 65,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്.

എന്നാല്‍ ഈ വാദങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ എസ്.എഫ്.ഐ തന്നെ സമരം പ്രഖ്യാപിച്ചത്.

മലപ്പുറത്ത് അധിക ബാച്ചുകള്‍ വേണമെന്നാണ് എസ്.എഫ്.ഐ ഉയര്‍ത്തുന്ന ആവശ്യം. മലപ്പുറം ജില്ലാ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചതെങ്കിലും ഇതിന് നേതൃത്വം നല്‍കുന്നത് എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മറ്റിയാണെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയില്‍ പ്രതിപക്ഷം സമരം തുടരുന്നതിനിടെയാണ് എസ്.എഫ്.ഐയും ഇപ്പോള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlight: Plus one seat shortage; SFI to strike against the government

We use cookies to give you the best possible experience. Learn more