'ഉഷാറായി സമരം ചെയ്യട്ടെ കുറച്ചായില്ലേ സമരം ചെയ്തിട്ട്' എസ്.എഫ്. ഐയെ പരിഹസിച്ച് മന്ത്രി വി. ശിവൻ കുട്ടി
Kerala
'ഉഷാറായി സമരം ചെയ്യട്ടെ കുറച്ചായില്ലേ സമരം ചെയ്തിട്ട്' എസ്.എഫ്. ഐയെ പരിഹസിച്ച് മന്ത്രി വി. ശിവൻ കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2024, 2:18 pm

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ സമരത്തെ പരിഹസിച്ച് കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമരം ചെയ്യാൻ ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കുറെ നാളായില്ലേ സമരം ചെയ്തിട്ട് ഉഷാറായി സമരം ചെയ്യട്ടെയെന്ന് പറഞ്ഞാണ് അദ്ദേഹം എസ്.എഫ് ഐ.യെ പരിഹസിച്ചത്.

‘അവർ എന്താണ് സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ മനസിലാക്കി വെച്ചതെന്ന് എനിക്ക് അറിയില്ല അവരുടെ തെറ്റിധാരണയാവും അവരെ സമരത്തിലേക്ക് നയിച്ചത്. ഏതായാലും കുറെ നാളായി സമരം ചെയ്യാത്തവരല്ലേ ഉഷാറായി സമരം ചെയ്യട്ടെ,’ അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ് ഐയും സമര രംഗത്തേക്ക് വന്നിരുന്നു. മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.അഫ്സലായിരുന്നു ഉദ്ഘാടനം ചെയ്തത്.

Also Read: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല; കണക്കുകൾ വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി

ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനം ഉണ്ടാകാത്തതിനാലാണ് തങ്ങൾ ഇതുവരെയും പ്രതികരിക്കാതിരുന്നതെന്നും എന്നാൽ ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടേണ്ടതാണെന്നും അഫ്സൽ പറഞ്ഞു.

മലബാറില്‍ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള വാദങ്ങള്‍ക്ക് പിന്നാലെയാണ് ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ സമരം.

മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 32,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറത്ത് മാത്രം സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മലബാര്‍ ജില്ലകളിലാകെ 65,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്.

മലപ്പുറത്ത് അധിക ബാച്ചുകള്‍ വേണമെന്നാണ് എസ്.എഫ്.ഐ ഉയര്‍ത്തുന്ന ആവശ്യം

 

Content Highlight: Plus one seat issue and reaction of minister shivankutty about SFI strike