| Thursday, 27th May 2021, 6:30 pm

പ്ലസ് വണ്‍ പരീക്ഷകള്‍ ഓണാവധിയോട് അനുബന്ധിച്ച് നടത്തും; മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ ഓണാവധിയോട് അനുബന്ധിച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.

അതേസമയം കൊവിഡ് ബാധിച്ച് അച്ഛനമ്മമാര്‍ മരിച്ച കുട്ടികള്‍ക്ക് 18 വയസു തികയുന്നതു വരെ സര്‍ക്കാര്‍ മാസം തോറും 2000 രൂപ നല്‍കുമെന്നും കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് വാക്‌സിനെതിരെ നിരവധി വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം കുപ്രചരണങ്ങള്‍ അവഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത് . മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,93,04,219 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8063 ആയി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Plus One Exam Conduct In Onam Vaction

We use cookies to give you the best possible experience. Learn more