കോഴിക്കോട്: സി.ബി.എസ്.സി പത്താം ക്ലാസ് ഫലം വൈകുന്നതോടെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന സി.ബി.എസ്.സിയില്‍ നിന്ന് സംസ്ഥാന സിലബസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആണ് ആശങ്കയിലായിരിക്കുന്നത്.
ഒരോ വര്‍ഷവും സി.ബി.എസ്.സി പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ ഉപരി പഠനത്തിനായി സംസ്ഥാന സിലബിസിലേക്ക് മാറുന്നത് പതിവാണ്, ഇതിനായി സര്‍ക്കാരിന്റെ എകജാലക സംവിധാനമുപയോഗിച്ച് വേണം അപേക്ഷ നല്‍കാന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ സംവിധാനം തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്.
എസ്.എസ്.എല്‍.സി(കേരള സിലബസ്), സി.ബി.എസ്.സി, ഐ.സി.എസ്.ഇ, റ്റി.എച്ച്. എസ്.എല്‍.സി, തുടങ്ങിയ സ്ട്രീമുകളില്‍ പഠിച്ചവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും പ്ലസ് വണ്‍ അപേക്ഷിക്കാം. എന്നാല്‍ സി.ബി.എസ്.സിയുടെ റിസല്‍ട്ട് പ്രഖ്യാപിക്കാത്തതിനാല്‍ കുട്ടകള്‍ക്ക് എകജാലക സംവിധാനം വഴി അപേക്ഷിക്കാന്‍ കഴിയാതെയായിരിക്കുകയാണ്.
നേരത്തെ മേയ് 9 മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പ്രവേശനം സി.ബി.എസ്.സി റിസല്‍ട്ട് വരാത്തത് കാരണം അപേക്ഷ സമര്‍പ്പിക്കാനുള്ള തിയ്യതി മേയ് മുപ്പതിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇത് വരെയായിട്ടും പത്താം ക്ലാസ് റിസല്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്പാണ്
സി.ബി.എസ്.സിയില്‍ പത്താം ക്ലാസ് പൊതുപരീക്ഷ നിര്‍ബന്ധമാക്കുവാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന സി.ബി.എസ്.സി ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം എടുത്തത്. പൊതു പരീക്ഷ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സി.ബി.എസ്.സി രാജ്യവ്യാപകമായി സര്‍വേനടത്തിയിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ പൊതു പരീക്ഷ ആരംഭിക്കും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതുപരീക്ഷ നിര്‍ബന്ധമാക്കിയത്.
സി.ബി.എസ്.സി സിലബസില്‍ നിന്ന് കേരള സിലബിസിലേക്ക് സ്ട്രീം മാറ്റുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും സി.ബി.എസ്.സിയുടെ ബോര്‍ഡ് തല പരീക്ഷയില്‍ പങ്കെടുക്കണമെന്ന് 2009ല്‍ ഇറങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്. ഇത് പ്രകാരം ഏകജാലകത്തിന്റെ മുഖ്യ അലോട്ട്‌മെന്റുകളിലേക്ക് പൊതുപരീക്ഷ കഴിഞ്ഞവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു ഇതിനായി അമ്പത് രൂപയുടെ മുദ്രപേപ്പറില്‍ ഉള്ള സാക്ഷ്യപത്രം അപേക്ഷിക്കുന്ന കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കണം,
അപേക്ഷ നല്‍കേണ്ട തിയ്യതി അവസാനിക്കുന്നത് മേയ് മുപ്പതിനാണ് തിയ്യതി നീട്ടിയില്ലെങ്കില്‍ പ്രധാനവിദ്യാലയങ്ങളിലേക്കുള്ള സി.ബി.എസ്.സി കുട്ടികളുടെ പ്രവേശനം അവതാളത്തിലാവുമെന്നാണ് കോഴിക്കോട് കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപകനായ രാജ് നാരായണന്‍ പറയുന്നത്. സര്‍ക്കാര്‍ മേയ് മുപ്പതിനാണ് അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഏകദേശം ഉപരി പഠനത്തിന് പോകാന്‍ യോഗ്യത നേടിയ സ്റ്റേറ്റ് സിലബസിലെ 90 ശതമാനത്തിലധികം പേരും അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. തിയ്യതി നീട്ടുകയോ സി.ബി.എസ്.സി റിസല്‍റ്റ് ഉടനെ പ്രഖ്യാപിക്കുകയോ ചെയ്തില്ലെങ്കില്‍ ആദ്യ രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞ ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയു. അത് പ്രധാന വിദ്യാലയങ്ങളില്‍ ആഗ്രഹിക്കുന്ന വിഷയത്തിന് പ്രവേശനം നേടാനുള്ള സാധ്യതകള്‍ കുറയ്ക്കും രാജ് നാരായണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് സി.ബി.എസ്.സി ഫോബിയയുടെ ഭാഗമായുള്ള പ്രചരണം മാത്രമാണെന്നാണ് ലിറ്റില്‍ ഡാഫോര്‍ഡില്‍ സ്‌ക്കൂള്‍ അധ്യാപികയായ റീന സി.കെ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. സി.ബി.എസ്.സി പഠിച്ച ഒരു കുട്ടിക്ക് പോലും ഇന്നേ വരെ പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടാതെയായിട്ടില്ല. കൂറെയൊക്കെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്റ്റേറ്റ് സ്‌ക്കൂളുകല്‍ പ്രചരിപ്പിക്കുന്ന സി.ബി.എസ്.സി ഫോബിയയുമാണ്. എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാറുണ്ട്. റിസല്‍റ്റ് പ്രഖ്യാപിക്കുവോളം സര്‍ക്കാര്‍ ഡേറ്റ് നീട്ടി നല്‍കാറുണ്ട് റീന പറയുന്നു.
സി.ബി.എസ്.സി റിസല്‍റ്റ് വന്നാല്‍ പിന്നെ വേറെ ഒന്നും പേടിക്കേണ്ട വിശദമായ മാര്‍ക്ക് ലിസ്റ്റ് ആയിരിക്കും അത്. രാവിലെ റിസല്‍റ്റ് വന്നാല്‍ വൈകുന്നേരം ആകുമ്പോഴേക്കും കുട്ടികള്‍ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കും. രക്ഷിതാക്കള്‍ക്ക് ഇത് മനസ്സിലാകണം എന്നില്ല് സി.ബി.എസ്.സി പഠിക്കുന്നത് കുട്ടികളുടെ ഭാവിക്ക് പ്രശ്‌നമാണെന്നുള്ള തരത്തിലാണ് പ്രചരണം നടക്കുന്നത്. ഇത് കാണുമ്പോള്‍ രക്ഷിതാക്കള്‍ക്ക് പേടിയാകും. പക്ഷേ മാര്‍ക്ക് ഉണ്ടായിട്ട് കുട്ടികള്‍ ആഗ്രഹിക്കുന്ന കോ്‌ഴ്‌സിന് ആഗ്രഹിക്കുന്ന സ്ഥലത്ത് അഡ്മിഷന്‍ ലഭിക്കാതിരുന്നിട്ടില്ല. ഇനി സര്‍ക്കാര്‍ ഡേറ്റ് നീട്ടി നല്‍കിയിട്ടില്ലെങ്കില്‍ കോടതിയുണ്ടെല്ലോ എന്നും റീന ചോദിച്ചു.