| Thursday, 25th May 2023, 4:56 pm

പ്ലസ് വണ്‍ പ്രവേശനത്തെക്കുറിച്ച് വിശദമായി അറിയാം; വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ശ്രദ്ധിക്കൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു ഫലം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ രണ്ട് മുതല്‍ ഒമ്പത് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 13ന് ഉണ്ടാകും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19നും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനാണ് നടത്തുക. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ഓഗസ്റ്റ് നാലിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആശങ്ക വേണ്ടെന്നും നല്ല റിസള്‍ട്ടാണ് പൊതുവിലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഫോക്കസ് ഏരിയ ഇല്ലാതായിരുന്നു പരീക്ഷ നടന്നത്.

ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കും കൂടുതല്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്ലസ് ടു വിജയശതമാനത്തില്‍ ഇക്കുറി കുറവുണ്ടായി. മുന്‍ വര്‍ഷം 83.87 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍, ഇത്തവണ 0.92 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ഈ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനമാണ് വിജയം. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 78.39% കുട്ടികള്‍ വിജയം നേടി. 3,815 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയം എറണാകുളം (87.55%) ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ് (4597 കുട്ടികള്‍).

3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയന്‍സ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിറ്റീസില്‍ 71.93 ശതമാനവും, കൊമേഴ്‌സില്‍ 82.75% ശതമാനവുമാണ് വിജയം.

content highlights: Kerala plus one admission 2023 details for students announced

Latest Stories

We use cookies to give you the best possible experience. Learn more