| Wednesday, 20th January 2016, 1:10 pm

തീര്‍ച്ചയായും പ്ലാസ്റ്റിക് പേനകളെ ഭയക്കേണ്ടതുണ്ട്; വിശ്വാസമില്ലെങ്കില്‍ ഇതാ തെളിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടുമാസം കൊണ്ട് ശേഖരിച്ച ഉപയോഗ ശൂന്യമായ പേനകള്‍


ജിന്‍സി ബാലകൃഷ്ണന്‍


പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി പല സ്‌കൂളുകളും പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും വലിച്ചെറിയുന്നത് നിരോധിക്കാറുണ്ട്. എന്നാല്‍ ഇതുമാത്രമാണോ സ്‌കൂള്‍ പരിസരങ്ങള്‍ മലിനമാക്കുന്നത്? തീര്‍ച്ചയായും അല്ല. പുറമേ ചെറിയതോതില്‍ എന്നു നമ്മള്‍ കരുതുകയും എന്നാല്‍ സ്‌കൂളുകളെ സംബന്ധിച്ച് ഏറ്റവും പേടിക്കേണ്ട ഒന്നുമായ മറ്റൊരു വില്ലനുണ്ട്. പ്ലാസ്റ്റിക് പേനകള്‍.

പ്ലാസ്റ്റിക് പേനകള്‍ ഇത്രയേറെ ഗുരുതരമാകുമോ എന്ന് ചിന്തിക്കുന്നവരുണ്ടാകും. അത്തരക്കാര്‍ ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകരയിലെ നാച്ചുറല്‍ ക്ലബ് നടത്തിയ ഒരു പ്രദര്‍ശനം തീര്‍ച്ചയായും കാണണം.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉപയോഗശേഷം പുറത്തുകളയുന്ന പേനകള്‍ ശേഖരിച്ച് അത് പ്രദര്‍ശിപ്പിക്കുകയാണ് നാച്ചുറല്‍ ക്ലബ് നടത്തിയത്. നാച്ചുറല്‍ ക്ലബ് കണ്‍വീനറായ വിപിന്‍ എന്ന അധ്യാപകന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. നാച്ചുറല്‍ ക്ലബ് അംഗങ്ങളും അധ്യാപകനും കൂടി രണ്ടുമാസത്തിനുള്ളില്‍ ശേഖരിച്ച പേനയുടെ എണ്ണം കേട്ടാല്‍ തീര്‍ച്ചയായും എല്ലാവരും ഞെട്ടും, 9325 പേനകള്‍.

“ഓരോരുത്തര്‍ ഉപേക്ഷിക്കുന്ന പേനയുടെ കാര്യം ചിന്തിക്കുമ്പോള്‍ പ്രശ്‌നം തോന്നില്ല. എല്ലാം ചേര്‍ത്തുവെച്ച് കാണിച്ചാലേ അതിന്റെ ഭീകരത മനസിലാവൂ” ഇതിനുവേണ്ടിയാണ് ഇത്തരമൊരു പ്രദര്‍ശനം നടത്തിയതെന്ന് അധ്യാപകനായ വിപിന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

നാച്ചുറല്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളുടെ ഒരു തോട്ടം ഉണ്ടാക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴാണ് പേനകള്‍ ശേഖരിക്കുകയെന്ന ആശയം മനസില്‍ വന്നത്. അതിനെക്കുറിച്ച് വിപിന്‍ പറയുന്നു: ” ഈ വര്‍ഷം ആദ്യം ഔഷധ സസ്യതോട്ടം നിര്‍മ്മിക്കുന്നതിനായി സ്‌കൂളിനു പിറകിലുളള സ്ഥലം വൃത്തിയാക്കുകയായിരുന്നു. മണ്ണ് ഇളക്കിമറിക്കുന്നതിനിടെ ഒരുപാട് പേനകളാണ് കിട്ടിയത്. സ്‌കൂളിലെ കുട്ടികള്‍ ഉപേക്ഷിച്ചവ. അങ്ങനെയെങ്കില്‍ ഈ സ്‌കൂളില്‍ നിന്നും എത്രത്തോളം പേനകള്‍ മണ്ണില്‍ എത്തുന്നുണ്ടാകുമെന്ന ചിന്ത വന്നു. അതാണ് പേന ശേഖരിക്കുകയെന്ന ആശയത്തിലേക്കെത്തിച്ചത്.

ഒക്ടോബര്‍ അവസാനമാണ് നാച്ചുറല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പേനശേഖരണം തുടങ്ങിയത്. സ്‌കൂളിലെ എല്ലാ ക്ലാസുകളും ഇതില്‍ പങ്കാളിയായിട്ടില്ല. ചില ക്ലാസുകളിലെ കുട്ടികള്‍ മാത്രമാണ് പങ്കെടുത്തത്. കെമിസ്ട്രി ലാബില്‍ ഒരിടത്ത് ഓരോ ക്ലാസില്‍ നിന്നും കിട്ടുന്ന പേന ഓരോ ബോക്‌സുകളിലായി നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ നിക്ഷേപിച്ച പേനയുടെ എണ്ണവും അതത് ബോക്‌സിനടുത്ത് എഴുതിവെച്ചു. മത്സരബുദ്ധിയോടെ തന്നെ കുട്ടികള്‍ പേന ശേഖരണം തുടര്‍ന്നു.”

“ഈ സ്‌കൂളിലെ കുറച്ചു കുട്ടികള്‍ രണ്ടുമാസത്തിനുള്ളില്‍ പതിനായിരത്തോടടുത്ത് പേന ഇത്തരത്തില്‍ ശേഖരിച്ചെങ്കില്‍ ഒരു വര്‍ഷം ഈ സ്‌കൂളില്‍ നിന്നുമാത്രം എത്രത്തോളം പ്ലാസ്റ്റിക് പേനകള്‍ മണ്ണിലെത്തുന്നുണ്ടാവും? അപ്പോള്‍ സംസ്ഥാനത്തെ ആകെ സ്‌കൂളുകളില്‍ നിന്നോ? ശരിക്കും ഭീകരമാണിത്.” അദ്ദേഹം പറയുന്നു.

നാച്ചുറല്‍ ക്ലബ് ശേഖരിച്ച പേനകളുടെ ചിത്രങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താനും സ്‌കൂള്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.

ഇതിനൊരു പരിഹാരമുണ്ടോ?

നമ്മുടെ സ്‌കൂളുകളില്‍ ആരും അധികം ശ്രദ്ധിക്കാത്ത ഒരു മലിനീകരണം തുറന്നുകാട്ടുക മാത്രമല്ല, അതിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമവും ഈ അധ്യാപകന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പേപ്പര്‍ പേനകള്‍ എന്ന ചോയ്‌സാണ് അദ്ദേഹം പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഏറണാകുളം സ്വദേശിയായ ലക്ഷ്മിയെന്ന സ്ത്രീ നിര്‍മ്മിക്കുന്ന പേപ്പര്‍ പേനകള്‍ കണ്ടതും അതിനെക്കുറിച്ചും മനസിലാക്കിയതുമാണ് ഇത്തരമൊരു ചിന്ത മനസില്‍ വരാന്‍ കാരണമെന്ന് വിപിന്‍ പറയുന്നു.

പ്ലാസ്റ്റിക് റീഫില്ലറുകളും പേപ്പര്‍ കൊണ്ടു നിര്‍മ്മിച്ച ബോഡിയുമുള്ളവയാണ് പേപ്പര്‍ പേനകള്‍. ലക്ഷ്മിയില്‍ നിന്നും പേപ്പര്‍ പേന നിര്‍മ്മിക്കുന്നതിനെക്കുറിച്ച് മനസിലാക്കിയ വിപിന്‍ നാച്ചുറല്‍ ക്ലബ് വിദ്യാര്‍ഥികളുമായി ചേര്‍ന്ന് കുറച്ചു പേനകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അവയ്ക്ക് അത്ര പൂര്‍ണതയുണ്ടായിരുന്നില്ല. ഇതോടെ ലക്ഷ്മിയുടെ സഹായത്തോടെ സ്‌കൂളിലേക്ക് പേപ്പര്‍ പേനകള്‍ വരുത്തുകയും കുട്ടികള്‍ക്ക് അവ നിര്‍ദേശിക്കുകയും ചെയ്തു.

സ്‌കൂളിലെ ഡിമാന്റ് അനുസരിച്ച് പേപ്പര്‍ പേനകള്‍ കിട്ടാനില്ല എന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനായി ലക്ഷ്മിയുടെ സഹായത്തോടെ സ്‌കൂളിലെ കുട്ടികള്‍ക്ക് പേപ്പര്‍ പേന നിര്‍മ്മിക്കാനുള്ള പരിശീലനം ലഭ്യമാക്കാനും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പേപ്പര്‍ പേനകള്‍ നിര്‍മ്മിക്കാന്‍ പരിശീലനം ലഭിച്ചാലും ഈ പ്രശ്‌നത്തിന് പൂര്‍ണമായി പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. പേപ്പര്‍ പേനകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ റിഫില്ലറുകള്‍ പലയിടത്തും കിട്ടാനില്ല. കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ പ്ലാസ്റ്റിക് പേനകള്‍ സുലഭമായതോടെ റീഫില്ലറുകള്‍ ഇല്ലാത്ത അവസ്ഥയാണ്. റീഫല്ലറുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലാസ്റ്റിക് പേനകള്‍ കൊണ്ടുള്ള മലിനീകരണം തടയുന്നതിനായി നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് വിപിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. പഴയ പേനകളില്‍ പുതിയ റീഫില്ലറുകള്‍ ഉപയോഗിക്കുക, മഷിനിറച്ച് ഉപയോഗിക്കുന്ന പേനകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും ലഭിച്ചത്. ഇവയുടെ ഗുണദോഷങ്ങളും പരിശോധിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more