മഅ്ദനിയെ പള്ളിയില്‍ കയറാനനുവദിക്കാതെ പൊലീസ്; പ്രതിഷേധവുമായി പി.ഡി.പി പ്രവര്‍ത്തകര്‍
Kerala
മഅ്ദനിയെ പള്ളിയില്‍ കയറാനനുവദിക്കാതെ പൊലീസ്; പ്രതിഷേധവുമായി പി.ഡി.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 5:57 pm

 

പാലക്കാട്: പ്രത്യേക എന്‍.ഐ.എ കോടതിയുടെ അനുമതിപ്രകാരം കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയെ പള്ളിയില്‍ നമസ്‌കരിക്കുന്നതില്‍ നിന്നും പൊലീസ് തടഞ്ഞു. സാങ്കേതിക സുരക്ഷാപ്രശ്‌നം ഉന്നയിച്ചാണ് പള്ളിയില്‍ കയറുന്നത് തടഞ്ഞതെന്നാണ് പൊലീസ് പറഞ്ഞത്.

എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ മഅ്ദനിയെ പള്ളിയില്‍ നമസ്‌കാരത്തിന് അനുവദിക്കുകയായിരുന്നു. നിലവില്‍ മഅ്ദനിയുടെ യാത്ര സംബന്ധിച്ച് കര്‍ണ്ണാടക പൊലീസ് കേരള പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നമസ്‌കാരത്തിന് പള്ളിയില്‍ പ്രവേശനം നല്‍കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതിനാലാണ് പള്ളിയില്‍ പ്രവേശനം അനുവദിക്കാത്തതെന്ന് പൊലീസ് പറഞ്ഞു.


ALSO READ: അലിഗഢ് സര്‍വകലാശാലയിലെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു


ബെംഗളുരുവില്‍ നിന്ന് കൊല്ലത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് നമസ്‌കാരത്തിനായി പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ പള്ളിയില്‍ മഅ്ദനി കയറാന്‍ അനുവാദം ചോദിച്ചത്. അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് കര്‍ണ്ണാടക, കേരള പൊലീസ് വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും തുടര്‍ന്ന് അദ്ദേഹത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. നമസ്‌കാരത്തിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്രതിരിക്കുകയും ചെയ്തു.

അര്‍ബുദബാധിതയായ അമ്മയെ കാണാനാണ് മഅ്ദനിയ്ക്ക് കോടതി അനുമതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ കേരളത്തിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയെങ്കിലും മതിയായ സെക്യൂരിറ്റി സംവിധാനം ഇല്ലാത്തതിന്റെ പേരില്‍ യാത്രയില്‍ പ്രതിസന്ധികള്‍ നിലനിന്നിരുന്നു.

പ്രതിസന്ധികള്‍ പരിഹരിച്ച് പിന്നീട് മഅ്ദനിയുമായി കര്‍ണ്ണാടക പൊലീസിലെ ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുമായി മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. മെയ് 11 വരെ മഅ്ദനിയ്ക്ക് കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.