മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ തന്നെ അതിഥി തൊഴിലാളികൾ തൊഴിൽ അന്വേഷിച്ച് കേരളത്തിലേക്ക് എത്തുമ്പോൾ കേരള സർക്കാരിന്റെ കയ്യിൽ ഇവരെക്കുറിച്ച് 2013 നടത്തിയ “ഗിഫ്റ്റ്” സർവേ ഒഴിച്ച് മറ്റൊരു കണക്കുകളും ഇല്ല എന്നതാണ് വസ്തുത. മാത്രമല്ല, അതിഥി സംസ്ഥാന തൊഴിലാളികൾക്കെതിരെ നടക്കുന്ന വംശീയ ആക്രമണങ്ങൾക്കും വിവേചനത്തിനും ഇത്രയും നാളായിട്ടും കാര്യമായ ,മാറ്റം വന്നിട്ടില്ല. കേരളത്തിലേക്ക് തന്നെ ഇവർ ജോലി തേടി വരാനുള്ള കാരണങ്ങളും നിരവധിയാണ്. കടുത്ത വരൾച്ചയും ജല ദൗർലഭ്യവും ഇന്ത്യയുടെ വടക്കുള്ള സംസ്ഥാനങ്ങളിൽ വ്യാപകമായ കൃഷിനാശത്തിനു കാരണമായി. ഇതിനെ തുടർന്ന് ഇവിടെയുള്ള തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നഷ്ടമായി. മാത്രമല്ല, ഉണ്ടായിരുന്ന തൊഴിലുകൾക്ക് തന്നെ വളരെ തുച്ഛമായ വേതനമാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരുന്നത്. കൂടുതലും ദളിതരും ആദിവാസികളുമായിരുന്ന തൊഴിലാളികൾക്ക് ഉയർന്ന വേതനം ആവശ്യപ്പെടാൻ അവിടങ്ങളിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലവുമായിരുന്നില്ല.
Also Read വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവം; ആര്‍.എസ്.എസ് നേതാവ് കീഴടങ്ങി
കേരളത്തിൽ എത്തിയ ഇവർക്ക് തൊഴിലിടങ്ങളിൽ എന്തൊക്കെ അപകടങ്ങൾ സംഭവിക്കുന്നു, ഇവർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ, ഇവർ എവിടെ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്നു എന്നതിനെ കുറിച്ചൊന്നും വ്യക്തമായ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ലെന്ന് ദൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റിലെ ഗവേഷക മൈത്രി പ്രസാദ് പറയുന്നു.
ജോലിസ്ഥലത്ത് സംഭവിക്കുന്ന അപകടങ്ങളിലും, രോഗങ്ങൾ ബാധിച്ചും മരണമടയുന്ന തൊഴിലാളികളുടെ സംഖ്യ ഏറെ വലുതാണ്. അപകടത്തിലും മറ്റും മരിക്കുന്ന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പോലും ഏറെ കഷ്ടപ്പാടാണ്. ഇതിനു വേണ്ടി സ്വകാര്യാ ആംബുലൻസുകളെയാണ് തൊഴിലാളികൾ സമീപിക്കുക. എന്നാൽ ഭീമമായ തുകകൾ ഇതിനു വേണ്ടി ആവശ്യപ്പെടുന്ന ആംബുലൻസ് സർവീസുകൾ തൊഴിലാളികളുടെ ആകെമൊത്തം സമ്പാദ്യവും കൈക്കലാക്കിയാവും മൃതദേഹം നാട്ടിലേക്ക് എത്തിച്ചുകൊടുക്കുക. മൈത്രി പറയുന്നു.
” ബ്രിട്ടീഷുകാരുടെ സമയത്ത് ഉണ്ടായ നിയമമായ വർക്ക്മാൻസ് കോംപൻസേഷൻ ആക്ട് പ്രകാരം തൊഴിലിടങ്ങളിൽ വെച്ച് അപകടങ്ങൾ സംഭവിക്കുന്ന തൊഴിലാളികൾക്കോ അവരുടെ കുടുംബങ്ങൾക്കോ ന്യായമായ നഷ്ടപരിഹാരം ലഭിക്കേണ്ടതാണ്. സംഭവിച്ച പരിക്കിന്റെ കാഠിന്യം അനുസരിച്ച് ഇത് ഏതാണ്ട് 7 മുതൽ 9 ലക്ഷം രൂപ വരെ വരും. എന്നാൽ മിക്ക സമയത്തും ഇങ്ങനെ തൊഴിലാളികൾ അപകടത്തിൽ പെടുമ്പോൾ ഇവരെ 25,000മോ, 50,000മോ രൂപ കൊടുത്ത് ഒഴിവാക്കുകയാണ് തൊഴിലുടമകൾ ചെയ്യുന്നത്. ഇതിന് വേണ്ടി ആശുപത്രി ജീവനക്കാരും, പോലീസും, തൊഴിലുടമകളും ഒത്തു കളിക്കാറുണ്ട്. മാത്രമല്ല ഇവർക്ക് വേണ്ടി സംസാരിക്കാൻ തൊഴിലാളി ട്രേഡ് യൂണിയനുകൾ ഒരിക്കലും വാ തുറക്കാറുമില്ല.” മൈത്രി പ്രസാദ് ഡൂൾ ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി എത്തുന്നവരുടെ എണ്ണം ഏകദേശം 15 മുതൽ 25 ലക്ഷമാണ് എന്നാണു “ഗിഫ്റ്റ്”(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ) എന്ന കേരള സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ വർഷവും ഇവരുടെ എണ്ണത്തിൽ 2.35 ലക്ഷം വരെ വർദ്ധനവ് സംഭവിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ നിലവിലുള്ള അതിഥി സംസ്ഥാന തൊഴിലാളികളുടെ സംഖ്യ 2016ഓടെ 40 ലക്ഷം കടന്നിട്ടുണ്ട്. അതിഥി സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന തുക 25,000 കോടി രൂപയാണ്. നിലവിൽ 35 ലക്ഷമാണ് അതിഥി സംസ്ഥാന തൊഴിലാളികളുടെ എണ്ണം.
പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളെ എണ്ണത്തിൽ 60 ശതമാനത്തോളം കുറവ് സംഭവിച്ചുവെന്ന് തൊഴിൽ വകുപ്പ് പറയുന്നു. പ്രളയം വന്ന ശേഷം തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങുകയാണുണ്ടായത്. ഇതോടെ സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് ഭൂരിഭാഗവും മുടങ്ങുകയുണ്ടായി. മാത്രമല്ല, പ്രളയത്തിൽ ഉണ്ടായ നഷ്ടങ്ങൾ നികത്തി പുനർനിർമ്മാണം നടത്താനും ഇവരെ വലിയ തോതിൽ ആവശ്യമായി വന്നു. ഈ സമയം ഇതര സംസ്ഥാന തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാതെ അവരെ കേരളത്തിൽ തന്നെ തിരിച്ചെത്തിക്കാൻ തൊഴിൽ വകുപ്പ് കിണഞ്ഞു ശ്രമിക്കുകയുമുണ്ടായി. ഇതിനു കേരളത്തിൽ നിന്നും തന്നെയുള്ള തൊഴിലാളികളെ സംഘടിപ്പിക്കാൻ തൊഴിൽ വകുപ്പ് ശ്രമിച്ചെങ്കിലും അത് വിജയമായിലെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
“ഇത്തരത്തിൽ എത്ര പേര് പുറത്തേക്ക് പോയിട്ടുണ്ടെന്നോ അതിൽ തന്നെ എത്രപേർ പ്രളയത്തിന് ശേഷം കേരളത്തിലേക്ക് തിരികെ വന്നിട്ടുണ്ടെന്നോ എന്നുള്ളതിന് ഒരു കണക്കും സർക്കാരിന്റെ കയ്യിൽ ഇല്ല. ഈ പറയുന്നതൊക്കെ ഒരു ഊഹകണക്ക് വെച്ചിട്ടാണ്. ഇവിടുന്നു പോയവർ തന്നെയാണോ തിരിച്ച വന്നതെന്നും അറിയില്ല. ഇവരുടെ തൊഴിലിന്റെ സ്വഭാവം അനുസരിച്ച് പല ഭാഗങ്ങളിലായാണ് ഇവർ തങ്ങിയിരുന്നത്. എറണാകുളം ഭാഗത്താണെങ്കിൽ ഏലൂർ, ഇടയാർ, ഇൻഡസ്ട്രിയൽ ഏരിയായിൽ ഇവർ തങ്ങിയിരുന്നു. പെരുമ്പാവൂർ മേഖലയിൽ പ്ലൈവുഡ് ഫാക്ടറികളിലും ഇവർ ജോലി ചെയ്തിരുന്നു. പ്രളയം വന്ന സമയത്ത് ഈ ഫാക്ടറികൾ ഒക്കെ പൂട്ടിപ്പോയ. അങ്ങനെയാണ് ഇവർ പ്രധാനമായും നാട്ടിലേക്ക് മടങ്ങുന്നത്” സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.സഹദേവൻ ഡൂൾ ന്യൂസിനോടുപറഞ്ഞു.
കേരളത്തിൽ അതിഥി സംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ളത് എറണാകുളത്താണ്. 2012ൽ കേരളം കാത്തലിക് ബിഷപ്പ്സ് കൗൺസിൽ(കെ.സി.ബി.സി.) നടത്തിയ പഠനം അനുസരിച്ച് എറണാകുളത്ത് മാത്രം 2 ലക്ഷം അതിഥി സംസ്ഥാന തൊഴിലാളികളാണ് ഉള്ളത്. എറണാകുളത്ത് മൂവ്വാറ്റുപുഴ, കാലടി, പെരുമ്പാവൂർ എന്നീ സ്ഥലങ്ങളിലാണ് ഇവർക്കുള്ളത്.1980കളിൽ ആണ് ആദ്യമായി എറണാകുളത്തേക്ക് തൊഴിലാളികളുടെ വരവ് ഉണ്ടാകുന്നത്. ഇതിൽ കൂടുതലും തമിഴ്നാട്ടിൽ നിന്നും മറ്റ് തെക്കൻ സംസ്ഥാനങ്ങളിൽ നിന്നും വന്നെത്തിയവരായിരുന്നു.
“കേരളത്തിൽ എറണാകുളത്തതാണ് അതിഥി സംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്നത്. ചുരുങ്ങിയത് 500 തൊഴിലാളിലകളെങ്കിലും ഇവിടുത്തെ ഓരോ ക്യാമ്പുകളിലും ഉണ്ട്. ഇവർ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം കുടിവെള്ളമാണ്. വേനൽ കടുത്തതും പൊരിവെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നതുമാണ് ഇതിനു കാരണം. മാത്രമല്ല, ഇതിന്റെ കൂടെ തന്നെ അസുഖം ബാധിച്ചും,അപകടമരണത്തിലും ജീവൻ നഷ്ടപെടുന്നവരും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇപ്പോൾ കൂടുതലാണ്. ഇങ്ങനെ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാൻ 30,000 മുതൽ 40,000 രൂപ സ്വകാര്യ ആംബുലൻസ് ഉടമകൾ ഇവരിൽ നിന്നും ഈടാക്കുന്നത്. ഇങ്ങനെ മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് യാതൊരു നഷ്ടപരിഹാരവും ലഭിക്കാറില്ല. ഇവരുടെ ഭാര്യമാർക്ക് വിധവാ പെൻഷനും ഇല്ല.” കെ. സഹദേവൻ പറയുന്നു.
വേനലാരംഭിച്ചതിനു ശേഷം തൊഴിലാളികൾ പുറംജോലി എടുക്കുന്നതിൽ തൊഴിൽ വകുപ്പ് നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ട്. സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് തൊഴിൽ വകുപ്പ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയാണ് നിയന്ത്രണം. എന്നാൽ ഈ നിയന്ത്രണം പൂർണ്ണമായും നടപ്പിൽ വരുത്താൻ സാധിക്കുന്നില്ല എന്ന് ലേബർ ഓഫീസർമാർ സമ്മതിക്കുന്നുണ്ട്. പുറത്ത്, വെയിലത്ത് തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ലേബർ ഡിപ്പാർട്മെന്റ് സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും കോഴിക്കോടുള്ള ഭാഗങ്ങളിൽ, പ്രധാനമായും രാമനാട്ടുകര, കൊയിലാണ്ടി, വടകര, മുക്കം എന്നീ സ്ഥലങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോഴും പൊരിവെയിലത്താണ് ജോലി ചെയ്യുന്നത്.
“ഒരു ഷേഡ് കൊടുത്തിട്ട് ഇവരെ പണിയെടുപ്പിക്കാനാണ് ഞങ്ങൾ തൊഴിലുടമകളോട് നിർദേശിച്ചിട്ടുള്ളത്. അല്ലെങ്കിൽ ജോലികൾ തൽക്കാലം നിർത്തിവെച്ചിട്ട് 3 മണിക്ക് ശേഷം ജോലിയെടുക്കുക. തൊഴിലാളികളെ വെയിലത്ത് ജോലി എടുപ്പിക്കുന്നത് കണ്ടാൽ ഞങ്ങൾ ഇവർക്ക് സ്റ്റോപ്പ് മെമ്മോ നൽകാറുണ്ട്. ഡി.എൽ.ഒ. എൻഫോഴ്‌സ്‌മെന്റാണ് ഇത് ചെയ്യുന്നത്.” കോഴിക്കോട് ലേബർ ഓഫീസ് ഉദ്യോഗസ്ഥൻ അജീബ് പറയുന്നു. എന്നാൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലേബർ ഓഫീസിന്റെ കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കൽ ഇല്ലാ എന്നും അദ്ദേഹം മറുപടി നൽകി.
“ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ഞങ്ങൾ സൂക്ഷിക്കുന്നില്ല. രജിസ്റ്റർ ചെയ്ത് ആവാസ് കാർഡ് നേടിയവരുടെ വിവരങ്ങൾ മാത്രം ഞങ്ങളുടെ കൈവശം ഉണ്ട്. കാർഡ് കൈവശം ഉള്ളവർ ഏതാണ്ട് 33,000 വരും. ഇങ്ങനെ കണക്കിൽ പെടാത്തവർ എത്ര പേരുണ്ട് എന്ന് ഞങ്ങൾക്ക് പറയാനാകില്ല.”അജീബ് ഡൂൾ ന്യൂസിനോട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജോലി ലക്ഷ്യമാക്കി തീവണ്ടിയിൽ വന്നിറങ്ങുന്ന ആൾക്കാരുടെ എണ്ണമെടുത്തുകൊണ്ടാണ് “ഗിഫ്റ്റ്” 2013ൽ തൊഴിലാളികളുടെ കണക്കെടുക്കുന്നത്. ഇങ്ങനെ വന്നെത്തുന്നവരിൽ 75 ശതമാനവും അസം, ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുമാണ് ജോലിക്കായി കേരളത്തിലേക്ക് എത്തുന്നത്. എന്നാൽ ഇങ്ങനെ ഒരു സർവേ തയാറാക്കുമ്പോൾ തമിഴ്‌നാട്, കർണാടക പോലുള്ള കേരളത്തിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെ കണക്ക് ഇതിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. കാരണം, ഈ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തൊഴിലാളികൾ ഭൂരിഭാഗവും ബസ്സും, മറ്റ് റോഡ് മാർഗവുമുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിലേക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇനിയും കൂടും. അസംഘടിത തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം കേരളമാണ്. അത് കാരണം തൊഴിലാളികൾക്കും കേരളം ജോലിക്ക് അനുയോജ്യമായ സ്ഥലമാണ്.
1990കളിൽ ആണ് കേരളത്തിലേക്ക് വടക്കൻ സംസ്ഥാനങ്ങളായ ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഇവരിൽ തന്നെ ഭൂരിഭാഗം പേരും കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിൽ പേരുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് തൊഴിൽ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ സാധാരണ തൊഴിലാളികൾക്ക് ലഭിക്കേണ്ടുന്ന തൊഴിൽ ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നില്ല. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും, കൊച്ചി മെട്രോയുടെ നിർമ്മാണത്തിനും സർക്കാർ അതിഥി സംസ്ഥാന തൊഴിലാളികളെയാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്. കൂടുതൽ സമയം ജോലി ചെയ്യുന്നതും അധികം കൂലി ഇവർക്ക് കൊടുക്കേണ്ടാത്തതുമാണ് കേരളത്തിൽ അതിഥി സംസ്ഥാന തൊഴിലാളികളെ ആവശ്യമായി വരുന്നതെന്ന് സാമൂഹ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
“ഇതര സംസ്ഥാന തൊഴിലാളികൾക്കും പ്രാദേശികരായ തൊഴിലാളികൾക്കും ലഭിക്കുന്ന വേതനത്തിൽ കാര്യമായ വ്യത്യാസമുണ്ട്. കേരളത്തിൽ നിന്നുമുള്ള തൊഴിലാളിക്ക് ആയിരവും എണ്ണൂറും രൂപ കൂലി കിട്ടുമ്പോൾ ഇരട്ടി ജോലി ചെയ്യുന്ന കൂടുതൽ സമയം പണിസ്ഥലത്ത് ചിലവിടുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് 200 മുതൽ 500 വരെ മാത്രമേയുള്ളൂ കൂലി. ഇവരുടെ വിഷമങ്ങളും കഷ്ടതകളും മനസിലാക്കാനും അതിനു പ്രതിവിധി ചെയ്യാനും ലേബർ ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥർ വേണം. ഇതിനു അവരുടെ ഭാഷ സംസാരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരാണ് വരേണ്ടത്.” കെ. സഹദേവൻ പറയുന്നു.
“വളരെ മോശപ്പെട്ട സാഹചര്യത്തിലാണ് എറണാകുളത്തെ തൊഴിലാളികൾ കഴിയുന്നത്. ഒരു ക്യാമ്പിൽ മാത്രം 500ൽപരം തൊഴിലാളികൾ ഉണ്ടാകും. ചിലർ കുടുംബമായാണ് ഇവിടേക്ക് എത്താറ്. എന്നാൽ ചിലർ ചെറു ഗ്രൂപ്പുകളായും എത്തിച്ചേരും. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ടാകും. ഇതിൽ സ്ത്രീകളുടെ കാര്യം പ്രത്യേകിച്ചും കഷ്ടമാണ്. ക്യാമ്പിൽ എത്തിച്ചേരുന്ന സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഏതെങ്കിലും ഒരു പുരുഷനെ തന്റെ തന്റെ ഭർത്താവായി മറ്റുള്ളവർക്ക് മുന്നിൽ കാട്ടും. പിന്നീട് ക്രമേണ ഈ പുരുഷന്മാരിൽ നിന്നും ഇവർക്ക് ചൂഷണം നേരിടേണ്ടി വരുന്നു. മാത്രമല്ല, ക്യാമ്പുകളിൽ ഒന്നും രണ്ടും കുടുംബങ്ങൾ ഒന്നിച്ച് ഒരു മുറിയിലാകും കഴിയുന്നത്. അതിനാൽ തന്നെ സ്വകാര്യത ഇവർ അപ്രാപ്യമാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ടാണ്. ജോലിപരമായ സമ്മർദ്ദങ്ങൾക്കിടയിലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലും ലൈംഗികത പോലും ഇവർക്ക് ഒഴിവാക്കേണ്ടി വരുന്നു.” എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് പരിചയമുള്ള സാമൂഹ്യപ്രവർത്തകൻ ജോർജ്ജ് ബ്രൂണോ ഡൂൾന്യൂസിനോട് പറഞ്ഞു.
2000 കാലഘട്ടത്തിന്റെ തുടക്കത്തിലാണ് അതിഥി സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടാകുന്നത്. മാത്രമല്ല കേരളത്തിലെ ജനസാന്ദ്രത കുറയുന്നതും, ആകെയുള്ള യുവത്വം ജോലിക്കും പഠനത്തിനും മറ്റുമായി അന്യ ദേശങ്ങളിലേക്ക് കുടിയേറുന്നതും ഇവിടെ അവിദഗ്ധ തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ ക്ഷാമം ഉണ്ടാകാൻ കാരണമായി. വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക രംഗത്തും ഉന്നതി കൈവരിച്ച കേരളത്തെ പോലൊരു സംസ്ഥാനത്ത് ബ്ലൂ കോളർ ജോലികളിൽ ഏർപ്പെടാൻ യുവാക്കളും വിസ്സമ്മതിച്ചു. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു.
അപ്പോഴും കേരളത്തിന് പുറത്ത് ഗൾഫ് നാടുകളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും തൊഴിൽ തേടി പോകുന്നവരുടെ എണ്ണത്തേക്കാൾ ഏറെ കൂടുതലാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളുടെ എണ്ണം. 2023ഓടെ കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളുടെ എണ്ണം 48 ലക്ഷം കവിയുമെന്ന് കണക്കാക്കപ്പെടുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ കേരള ജനതയുടെ ശരാശരി പ്രായം 40 കടക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിലേക്കുള്ള അതിഥി സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് പിന്നെയും കൂടുകയാണ് ചെയ്യുക.
ബിഹാർ, പശ്ചിമ ബംഗാൾ, ചത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളിൽ വളരെ കുറഞ്ഞ വേതനത്തിൽ, 100, 200 രൂപ വേതനത്തിൽ ജോലി ചെയ്തിരുന്ന, ഭൂരിഭാഗവും യുവാക്കളായിരുന്ന, അധികം വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാതിരുന്ന തൊഴിലാളികൾക്ക് കേരളം ഇന്ത്യയിലെ “ഗൾഫ്” എന്നായിരുന്നു അറിയപ്പെടുന്നത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്ത് ശീലിച്ച ഇവർക്ക് കേരളത്തിൽ നിന്നും ലഭിച്ച താരതമ്യേന ഉയർന്ന വേതനം ഏറെ ആശ്വാസകരം തന്നെയായിരുന്നു. എന്നാൽ അപ്പോഴും കേരളത്തിലെ പ്രാദേശിക തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം ഇവർക്ക് ലഭിക്കുന്നതിനേക്കാൾ ഏറെ കൂടുതലായിരുന്നു.