റായ്പൂര്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ വിമര്‍ശനങ്ങളുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. പല തീരുമാനങ്ങളും കൂടിയാലോചിക്കാതെ എടുക്കുന്നുവെന്നും കെ.പി.സി.സി അംഗങ്ങളെ തെരഞ്ഞെടുത്തത് ആരും അറിഞ്ഞില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ പല തരത്തിലുള്ള പരാതികള്‍ പല നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ പ്രര്‍ത്തനങ്ങളില്‍ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരുമുണ്ട്. പ്ലീനറി സമ്മേളനം കഴിഞ്ഞാല്‍ ഇവയൊക്കെ പരിഹരിക്കുന്ന നടപടികള്‍ കേന്ദ്ര നേത്യത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ കൊടിക്കുന്നില്‍ പറഞ്ഞു.
കെ.പി.സി.സിയിലെ വര്‍ക്കിങ് പ്രസിഡന്റായ താന്‍ പോലും തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളുടെ പേരുകള്‍ സമൂഹമാധ്യമം വഴിയാണ് അറിഞ്ഞതെന്നും എക്കാലവും കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത് കൂടിയാലോചിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.
കൃത്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു.
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിയാലോചനകളില്ലാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് വിമര്‍ശനങ്ങളുണ്ട്. 63 അംഗങ്ങളുള്ള കെ.പി.സി.സി പട്ടിക വളരെ രഹസ്യമായാണ് തയ്യാറാക്കിയതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
15000 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ആറ് പ്രമേയങ്ങളിലായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയിലെ പ്രധാന ചര്‍ച്ച. ബി.ജെ.പിയെ പുറത്തിറക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതില്‍ പ്രതിപക്ഷ സഖ്യം കൊണ്ട് വരണമെന്നും ആലോചനയുണ്ട്. അതുമായി ബന്ധപ്പെട്ടായിരിക്കും ശനിയാഴ്ച നടക്കുന്ന രാഷ്ട്രീയ പ്രമേയ ചര്‍ച്ച നടക്കുക.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ട എന്ന തീരുമാനം പ്ലീനറി എടുത്തിരുന്നു. സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി.
അതേസമയം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ആവശ്യവുമായി ഒരു പറ്റം പ്രവര്‍ത്തകര്‍ രംഗത്ത് വന്നു.
content highlight: Plenary Session; Need to solve Kerala’s problems; Leaders from the left