'എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്, പണം മുഴുവന്‍ നിരുപാധികം എടുത്തോളൂ'; തിരിച്ചടവിന് തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് മല്യ
national news
'എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്, പണം മുഴുവന്‍ നിരുപാധികം എടുത്തോളൂ'; തിരിച്ചടവിന് തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് മല്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2020, 11:10 am

ന്യൂദല്‍ഹി: സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകള്‍ വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

കൊവിഡ് റിലീഫ് പാക്കേജായി 20 ലക്ഷം കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ചുകൊണ്ട് ഇട്ട ട്വീറ്റിലാണ് താന്‍ പണം തിരിച്ചടക്കാന്‍ തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ ആവശ്യപ്പെട്ടത്.

ആവശ്യമുള്ള പണം സര്‍ക്കാറിന് അച്ചടിച്ചിറക്കാന്‍ കഴിയുമെന്നും എന്തിനാണ് തന്നെപ്പോലെ ചെറിയ സംഭാവകനെ 100 ശതമാനം തിരിച്ചടവ് വാഗ്ദാനം ചെയ്തിട്ടും അവഗണിക്കുന്നതെന്നും മല്യ ട്വീറ്റില്‍ ചോദിക്കുന്നു.

” കൊവിഡ് 19 ദുരിതാശ്വാസ പാക്കേജിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അച്ചടിക്കാന്‍ കഴിയും, എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെപ്പോലുള്ള ഒരു ചെറിയ സംഭാവകനെ നിരന്തരം അവഗണിക്കണോ? എന്റെ പണം നിരുപാധികമായി എടുത്ത്, കേസ് അവസാനിപ്പിക്കൂ,” മല്യ ട്വിറ്ററില്‍ കുറിച്ച്.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത്, തിരിച്ചടക്കാതെ മല്യ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക