| Thursday, 30th September 2021, 2:46 pm

എന്റെ പൊന്ന്ടാവ്വേ ഇത് ഞാനാണ്, അയാളല്ല; മാധ്യമപ്രവര്‍ത്തകരോട് അപേക്ഷയുമായി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: പഞ്ചാബ് രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അപേക്ഷയുമായി ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗ്. മുന്‍ മുഖ്യമന്ത്രി അമരീന്ദറാണെന്ന് കരുതി അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ട്വിറ്ററില്‍ തന്നെയാണ് മാധ്യമങ്ങള്‍ ടാഗ് ചെയ്യുന്നതെന്ന് താരം പറയുന്നു.

‘പ്രിയപ്പെട്ട വാര്‍ത്താ മാധ്യമങ്ങളെ, മാധ്യമപ്രവര്‍ത്തകരേ, ഞാന്‍ അമരീന്ദര്‍ സിംഗ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍. പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രിയല്ല. എന്നെ ടാഗ് ചെയ്യുന്നത് ദയവായി നിര്‍ത്തൂ,’ അമരീന്ദര്‍ ട്വീറ്റ് ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ താരത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എനിക്ക് നിങ്ങളോട് സഹാതപമുണ്ട്, നിങ്ങളുടെ മത്സരങ്ങളുമായി മുന്നോട്ടുപോകൂ എന്നായിരുന്നു ക്യാപ്റ്റന്‍ പ്രതികരണം.

പഞ്ചാബിലെ മഹില്‍പൂരില്‍ നിന്നുള്ള ഫുട്‌ബോള്‍ താരമാണ് അമരിന്ദര്‍ സിംഗ്. ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്റെ താരവുമാണ്. 2017 മുതല്‍ 2021 വരെ മുംബൈ സിറ്റിയുടെ ഗോള്‍ വല കാത്തിരുന്ന അമരീന്ദര്‍ ഈ വര്‍ഷമാണ് എ.ടി.കെ മോഹന്‍ ബഗാനിലേക്ക് എത്തിയത്.

അതേസമയം താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നിഷേധിച്ചു. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരില്ലെന്നും അമരീന്ദര്‍ പറഞ്ഞു.

താന്‍ ഇതുവരെ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ കോണ്‍ഗ്രസില്‍ തുടരില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. തന്നെ ഇങ്ങനെയല്ല പരിഗണിക്കേണ്ടിയിരുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.

” ഞാന്‍ 52 കൊല്ലമായി രാഷ്ട്രീയത്തില്‍. രാവിലെ 10.30 ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറയുന്നു രാജി വെക്കാന്‍. ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. വൈകീട്ട് 4 മണിക്ക് ഞാന്‍ ഗവര്‍ണറുടെ അടുത്തേക്ക് പോയി രാജി വെച്ചു.

നിങ്ങള്‍ക്ക് 50 വര്‍ഷത്തിന് ശേഷം എന്നെ സംശയമാണെങ്കില്‍, എന്റെ വിശ്വാസ്യത അപകടത്തിലാണെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്,” അമരീന്ദര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. അജിത് ഡോവലുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Please stop tagging me: India goalkeeper Amrinder Singh clarifies ‘he is not former Punjab CM’

We use cookies to give you the best possible experience. Learn more