ദൈവത്തില്‍ നിന്നുള്ള മുന്നറിയിപ്പുപോലെയായിരുന്നു അത്; ക്ഷമാഭ്യര്‍ത്ഥനയോടെ രജനീകാന്ത് കത്തില്‍ പറഞ്ഞത്
national news
ദൈവത്തില്‍ നിന്നുള്ള മുന്നറിയിപ്പുപോലെയായിരുന്നു അത്; ക്ഷമാഭ്യര്‍ത്ഥനയോടെ രജനീകാന്ത് കത്തില്‍ പറഞ്ഞത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 2:45 pm

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ജനുവരിയില്‍ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കവേയായിരുന്നു രജനിയുടെ പിന്മാറ്റം. ആരോഗ്യ പ്രശ്നങ്ങളാണ് തീരുമാനത്തിന് പിന്നില്ലെന്നാണ് വിശദീകരണം.

രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്തില്‍ രജനി ക്ഷമ ചോദിക്കുന്നുണ്ട്.

” എന്റെ ഈ തീരുമാനം എന്റെ ആരാധകരെയും ജനങ്ങളെയും നിരാശരാക്കുമെങ്കിലും ദയവായി എന്നോട് ക്ഷമിക്കൂ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ഞാന്‍ ജനങ്ങളെ സേവിക്കും, ”
എന്നാണ് അദ്ദേഹം കത്തില്‍ പറഞ്ഞിരിക്കുന്നത്.

കടുത്ത സങ്കടത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന തീരുമാനം പറയുന്നതെന്നും ഈ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അനുഭവിച്ച വേദന തനിക്ക് മാത്രമേ അറിയുള്ളൂവെന്നും തമിഴില്‍ എഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു.

‘ഞാന്‍ ആശുപത്രിയിലായത് ദൈവത്തില്‍ നിന്നുള്ള മുന്നറിയിപ്പ് പോലെയായിരുന്നു. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ എന്റെ പ്രചാരണം ആരോഗ്യത്തെ ബാധിക്കും. എന്നോടൊപ്പം പ്രവര്‍ത്തിച്ചതിന് ഞാന്‍ ഭാരവാഹികളോട് നന്ദി പറയുന്നു,’ രജനീകാന്ത് പറഞ്ഞു.

ചൊവ്വാഴ്ചാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ്
രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Please Forgive Me”: What Rajinikanth Wrote In Letter