ഗോവിന്ദൻമാഷ് ദയവ് ചെയ്ത് നിലവാരമില്ലാത്ത ന്യായീകരണങ്ങൾ കൊണ്ട് സി.പി.ഐ.എം പാർട്ടി സെക്രട്ടറി സീറ്റിനെ അപമാനിക്കരുത്: ഹരീഷ് വാസുദേവൻ
Kerala News
ഗോവിന്ദൻമാഷ് ദയവ് ചെയ്ത് നിലവാരമില്ലാത്ത ന്യായീകരണങ്ങൾ കൊണ്ട് സി.പി.ഐ.എം പാർട്ടി സെക്രട്ടറി സീറ്റിനെ അപമാനിക്കരുത്: ഹരീഷ് വാസുദേവൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2024, 4:23 pm

തിരുവനന്തപുരം: ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി കണ്ടാൽ ഞങ്ങൾക്ക് പ്രശ്നമില്ലെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ പ്രസ്‍താവനക്കെതിരെ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ.

‘ആർ.എസ്.എസ് നേതാവിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കണ്ടാലെന്താണ്? ഗവർണ്ണർ ആർ.എസ്.എസ് നേതാക്കളെ, മോഹൻ ഭാഗവതിനെ അടക്കം കാണുന്നില്ലേ. ഞങ്ങൾക്ക് പ്രശ്നമല്ല’ എന്ന ഗോവിന്ദൻ മാഷിന്റെ പ്രസ്താവനക്കെതിരെയാണ് ഹരീഷ് വാസുദേവൻ മുന്നോട്ടെത്തിയിരിക്കുന്നത്.

ഗവർണർ ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കാൻ യൂണിയൻ സർക്കാരിന്റെ ഏജന്റായി വന്ന് പ്രവർത്തിക്കുന്ന ആളാണ് എന്നാണ് സി.പി.ഐ.എം പറഞ്ഞത്. ആ അഭിപ്രായത്തെ കേരളത്തിലെ

പൊതുസമൂഹം പരസ്യമായി പിന്തുണച്ചിട്ടുമുണ്ട്. ഗവർണ്ണർ പോലും പരസ്യമായാണ് ആർ.എസ്.എസ് നേതാക്കളെ കാണുന്നത്. സംസ്ഥാന ക്യാബിനറ്റിന്റെ സമ്മതമില്ലാതെ ഭരണതീരുമാനം ഒന്നും ചെയ്യാൻ പറ്റാത്ത ആളാണ് ഗവർണർ. ഗവർണർ ചെയ്യുന്ന എല്ലാ ഭരണതീരുമാനവും പൊതുജനം അറിയും. സുതാര്യതയുണ്ട്. എന്നാൽ എ.ഡി.ജി.പി അങ്ങനെയല്ലെന്ന് ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

‘എന്നാൽ എ.ഡി.ജി.പി ചെയ്യുന്ന കാര്യങ്ങൾ എല്ലാം സുതാര്യമാണോ? നിയമവിരുദ്ധമായി പൗരന്മാരുടെ കോൾ റെക്കോർഡ്സ് എടുക്കുന്നത് മുതൽ ഓരോ പൊലീസ് സ്റ്റേഷനിലും ഉള്ള ഇടപെടൽ വരെ ചെയ്യാൻ പറ്റുന്നയാളല്ലേ എ.ഡി.ജി.പി? സി.പി.ഐ.എം നേതാക്കളുടെ ഫോൺ കോൾ വിവരങ്ങൾ ആർ.എസ്.എസിന് ചോർത്താൻ എ.ഡി.ജി.പി വിചാരിച്ചാൽ സാധിക്കും. പക്ഷെ ഗവർണർക്ക് സാധിക്കില്ല. ഏത് സ്റ്റേഷനിലും ഒരാൾക്കെതിരെ കേസ് എടുപ്പിക്കാനും ഒതുക്കാനും എ.ഡി.ജി.പിക്ക് പറ്റും, ഗവർണർക്ക് പറ്റില്ല. രഹസ്യവിവരശേഖരണം എ.ഡി.ജി.പിക്കേ പറ്റൂ. പ്രായോഗിക അധികാരഘടനയിൽ ഗവർണ്ണറേക്കാൾ എത്രമേലെയാണ് എ.ഡി.ജി.പി . ഇതറിയാത്ത ആളല്ലല്ലോ ഗോവിന്ദൻ മാഷും സി.പി.ഐ.എമ്മും,’ ഹരീഷ് വാസുദേവൻ കുറിച്ചു.

കൂടാതെ ഐ.പി.എസ് ഉദ്യോഗസ്ഥൻ അനുസരിക്കേണ്ട അനുശാസനങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ഐ.പി.എസ് ഉദ്യോഗസ്ഥർ ഏതെങ്കിലും ഔദ്യോഗിക രേഖയോ അതിന്റെ വിവരങ്ങളോ മറ്റാർക്കും കൈമാറ്റം ചെയ്യരുതെന്ന കർശന നിയമം ഉണ്ട്.

‘ഏത് ഐ.പി.എസ് ഉദ്യോഗസ്ഥനും സർക്കാരിന്റെ രേഖാമൂലമുള്ള ഉത്തരവിന്മേലോ അയാളെ ഏൽപ്പിച്ച കർത്തവ്യത്തിന്റെ ഭാഗമായോ അല്ലാതെ ഒരു വ്യക്തിയോടും ഒഫീഷ്യലായ ഒരു വിവരവും കൈമാറാൻ പാടില്ല. ഇത് ലംഘിച്ചാൽ ആ ഉദ്യോഗസ്ഥൻ വീട്ടിലിരിക്കണം. ഗവർണർക്ക് ഇത്തരം ഒരു വിലക്കുകളുമുള്ളതായി അറിയില്ല.

ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി രഹസ്യമായി കണ്ടെങ്കിൽ അതെന്തിനെന്ന് പരിശോധിക്കാനും, ഏത് കർത്തവ്യത്തിന്റെ ഭാഗമാണെന്ന് ജനങ്ങളോട് പറയാനും തെറ്റുണ്ടെങ്കിൽ നടപടിയെടുക്കാനും ആഭ്യന്തരവകുപ്പിന് പറ്റുന്നില്ലെങ്കിൽ, അത് തിരുത്താൻ സി.പി.ഐ.എം നേതൃത്വത്തിന് പറ്റുന്നില്ലെങ്കിൽ ആർ.എസ്.എസ്സുകാരാൽ കൊല്ലപ്പെട്ട രക്തസാക്ഷികളെ ഒറ്റി കൊടുക്കുന്നതിന് തുല്യമല്ലേ അത്?
ഗോവിന്ദൻമാഷ് ദയവ് ചെയ്ത് നിലവാരമില്ലാത്ത ന്യായീകരണങ്ങളും സമീകരണങ്ങളും കൊണ്ട് മുൻപ് പല ബഹുമാന്യരും ഇരുന്ന സി.പി.ഐ.എം എന്ന പാർട്ടി സെക്രട്ടറിയുടെ സീറ്റിനെ അപമാനിക്കരുത്,’ അദ്ദേഹം കുറിച്ചു.

 

 

 

Content Highlight:  please don’t insult CPIM party secretary’s seat with shoddy excuses: Harish Vasudevan