| Tuesday, 3rd January 2023, 1:23 pm

ടീമിലേക്ക് തിരിച്ചുവരരുത് പ്ലീസ്; കാമുകിക്കൊപ്പം തന്നെയിരുന്നോ; രാഹുലിനെതിരെ ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

കെ.എൽ.രാഹുലിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയറിലെ മോശം വർഷങ്ങളിൽ ഒന്നായിരുന്നു 2022. ക്രിക്കറ്റിലെ ഒരു ഫോർമാറ്റിലും തിളങ്ങാൻ കഴിയാതിരുന്ന രാഹുലിന് ആരാധകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ഇപ്പോൾ പുതുവത്സരം ആഘോഷിക്കവെ തന്റെ പ്രതിശ്രുത വധുവായ ആതിയ ഷെട്ടിക്കൊപ്പമുള്ള ഫോട്ടോകൾ താരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് ആരാധകർക്കിടയിലെ ചർച്ച. പ്രമുഖ ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി.

ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ജനുവരി അവസാനത്തോടെ വിവാഹിതരാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇരുവരുടെയും ഫോട്ടോക്കടിയിൽ രാഹുലിനെ പരിഹസിക്കുകയാണ് ആരാധകർ. രാഹുലിന്റെ മോശം ഫോമും, ക്യാപ്റ്റൻസിയിലെ പ്രശ്നങ്ങളുമാണ് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മുഖ്യ കാരണം.

“കാമുകിക്കൊപ്പം തന്നെ ഇരുന്നോളൂ ടീമിലേക്ക് ദയവായി വരരുത്”, “ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ തോൽവി” മുതലായ മോശം കമന്റുകളാണ് താരത്തിന്റെ ഫോട്ടോക്കടിയിൽ ആരാധകർ പോസ്റ്റ്‌ ചെയ്യുന്നത്.

അതേസമയം കെ.എൽ. രാഹുൽ വരുന്ന ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ട് മുൻ കോച്ച് സഞ്ജയ്‌ ബംഗാർ രംഗത്തെത്തിയിരുന്നു.

പ്രമുഖ സ്പോർട്സ് മാധ്യമമായ ക്രിക്ക് ഇൻഫോയോടാണ് സഞ്ജയ്‌ തന്റെ പ്രതികരണം അറിയിച്ചത്.

രാഹുലിന് പകരക്കാരനായി നിരവധി ഓപ്ഷനുകൾ ഇന്ത്യൻ ടീമിന്റെ കൈവശമുണ്ടെന്നായിരുന്നു സഞ്ജയ്‌ അഭിപ്രായപ്പെട്ടത്.
കൂടാതെ ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും രാഹുലിന് പറ്റിയ പകരക്കാരാണെന്നും ഹാർദിക് ആയിരിക്കും രോഹിത് ശർമയിൽ നിന്നും അടുത്ത ക്യാപ്റ്റൻ സ്ഥാനം കരസ്ഥമാക്കാൻ പോകുക എന്നും സഞ്ജയ്‌ അഭിപ്രായപ്പെട്ടു.

അതേസമയം ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പര തൂത്ത് വാരിയ ഇന്ത്യ ശ്രീലങ്കക്കെതിരെ ജനുവരി 3ന് നടക്കുന്ന ടി-20 പരമ്പരയിലാണ് അടുത്തതായി മത്സരിക്കാനിറങ്ങുക.

ബംഗ്ലാ കടുവകൾക്കെതിരെയുള്ള ആദ്യ ടെസ്റ്റ്‌ 188 റൺസിന് വിജയിച്ച ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ മൂന്ന് വിക്കറ്റിനാണ് വിജയം വരിക്കാൻ സാധിച്ചത്. ചെറിയ വിജയലക്ഷ്യത്തിന് മുന്നിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കഷ്ടിച്ചാണ് മത്സരം വിജയിക്കാൻ സാധിച്ചത്.

Content Highlights:Please don’t come back to the team; stay with your girlfriend  Fans against Rahul

We use cookies to give you the best possible experience. Learn more