നിസാമുദ്ദീന്‍ മര്‍കസ് തുറക്കണമെന്ന് വഖഫ് ബോര്‍ഡിന്റെ ഹരജി; സംയുക്ത പരിശോധനക്ക് ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി
India
നിസാമുദ്ദീന്‍ മര്‍കസ് തുറക്കണമെന്ന് വഖഫ് ബോര്‍ഡിന്റെ ഹരജി; സംയുക്ത പരിശോധനക്ക് ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th November 2021, 11:18 am

ന്യൂദല്‍ഹി: നിസാമുദ്ദീന്‍ മര്‍കസ് തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സംയുക്ത പരിശോധനക്ക് ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി. കൊവിഡ് മഹാമാരി പടരുന്നതിനിടയില്‍ തബ്ലീഗ് ജമാ അത്ത് സമ്മേളനം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നിസാമുദ്ദീന്‍ മര്‍കസ് അടച്ചുപൂട്ടിയിരുന്നു.

നിസാമുദ്ദീന്‍ മര്‍കസ് വീണ്ടും തുറക്കാനുള്ള ദല്‍ഹി വഖഫ് ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചാണ് ദല്‍ഹി പൊലീസിന്റേയും ദല്‍ഹി വഖഫ് ബോര്‍ഡിന്റേയും നേതൃത്വത്തില്‍ പരിശോധനക്ക് ഉത്തരവിട്ടത്. പരിശോധന നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പറഞ്ഞു.

ദല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ദല്‍ഹിയിലെ മിക്ക ആരാധനാലയങ്ങളും തുറന്നെങ്കിലും നിസാമുദ്ദീന്‍ മര്‍കസ് മാത്രം പൂട്ടി കിടക്കുകയാണെന്ന് വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു.

ആരാധനാലയം, സമ്മേളന സ്ഥലം, പാര്‍പ്പിട സമുച്ചയം എന്നിങ്ങനെ പ്രധാനമായും മൂന്ന് ഭാഗങ്ങളുള്ള നിസാമുദ്ദീന്‍ മര്‍കസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും അതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കോടതി പറഞ്ഞു. എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള 5 പൊലീസ് ഉദ്യോഗസ്ഥരും വഖഫ് ബോര്‍ഡില്‍ നിന്നുള്ള 5 അംഗങ്ങളുമായിരിക്കും പരിശോധന നടത്തുക.

മര്‍കസ് നിസാമുദ്ദീന്‍ അനിശ്ചിത കാലത്തോളം അടച്ചിടുന്നത് ചൂണ്ടിക്കാട്ടി ഇനി എത്ര കാലത്തോളം ഇത് തുടരുമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി നിസാമുദ്ദീന്‍ മര്‍കസ് അടച്ചിടുന്നതിനെ ന്യായീകരിച്ച് കൊണ്ട് സെപ്തംബറില്‍ മറുപടി നല്‍കിയ കേന്ദ്രം അവിടെ താമസിക്കുന്ന വിദേശികള്‍ക്കെതിരെയുള്ള കേസുകള്‍ക്ക് നയതന്ത്ര പ്രാധാന്യമുണ്ടെന്നും എന്നാല്‍ പരിസരത്തെ നിയന്ത്രണങ്ങള്‍ ആരാധനക്കുള്ള അവസരങ്ങള്‍ നിഷേധിക്കുന്നില്ലെന്നും വാദിച്ചു. മാത്രവുമല്ല മസ്ജിദ് മാനേജ്മെന്റിനെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിലാണെന്നും കേന്ദ്രം അവകാശപ്പെട്ടു.

എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അഭിഭാഷകനായ വജീഹ് ഷെഫീഖ് മുഖേന ദല്‍ഹി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയില്‍ ദല്‍ഹി വഖഫ് ബോര്‍ഡ്, മസ്ജിദ് ബംഗ്ലി വാലി, മദര്‍സ കാഷിഫുല്‍ ഉലൂം, ബസ്തി ഹസ്രത്ത് നിസാമുദ്ദീനിലെ അറ്റാച്ച്ഡ് ഹോസ്റ്റല്‍ എന്നിവ 2020 മുതല്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും പൊതുജനങ്ങള്‍ക്ക് ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസയില്‍ പഠനം നടത്താനോ മതപണ്ഡിതര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ഹോസ്റ്റലുകളില്‍ താമസിക്കാനോ സാധിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.

സ്ഥലത്തെ പ്രധാനപ്പെട്ട അഞ്ചാറു പേരുടെ ലിസ്റ്റ് തയ്യാറാക്കി പ്രാര്‍ത്ഥനയുടെ സമയമാവുമ്പോള്‍ അവരെ മാത്രം പൊലീസ് അകത്തേക്ക് പ്രവേശിപ്പിക്കുമെന്നും പ്രാര്‍ത്ഥന കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയ ഉടന്‍ തന്നെ മസ്ജിദ് പൊലീസ് വീണ്ടും പൂട്ടുമെന്നും ഹരജിയില്‍ പറയുന്നു.

2020 സെപ്തംബറില്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും മര്‍കസ് നിസാമുദ്ദീനെ ഒഴിവാക്കിയെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് എത്തിയവര്‍ താമസിച്ച വീടുകളുടെ ഉടമസ്ഥര്‍ക്കെതിരെ പോലും ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം