| Sunday, 26th November 2017, 12:08 pm

സി.പി.ഐ.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. രാഷ്ട്രീയ പാര്‍ട്ടി എന്ന പദവിയില്‍നിന്നു സി.പി.ഐ.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോജോ ജോസ് എന്നയാളാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിനു മുന്‍പാകെ വന്ന ഹര്‍ജിയില്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ 1989 സെപ്റ്റംബറില്‍ സി.പി.ഐ.മ്മിനു നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഹര്‍ജി സ്വീകരിച്ച കോടതി അടുത്ത മാര്‍ച്ച് 28നു വാദം കേള്‍ക്കാനായി മാറ്റി.


Also Read:തൃശ്ശൂരില്‍ ബി.ജെ.പി – സി.പി.ഐ.എം സംഘര്‍ഷം; പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു


നേരത്തെ സമാനമായ ആവശ്യമുന്നയിച്ച് നല്‍കിയ അപേക്ഷ 2016 ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്ന വാദന്യായങ്ങള്‍ പരിഗണിക്കാതെയാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ അതു തള്ളിയതെന്നാണു ഹര്‍ജിയില്‍ പറയുന്നത്.

സി.പി.ഐ.എമ്മിന്റെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനയുമായി പൂര്‍ണമായി കൂറുപുലര്‍ത്തുന്നില്ലെന്നാണു വാദം. തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിയും വ്യാജമായവ കാട്ടിയുമാണു സി.പി.ഐ.എം രജിസ്‌ട്രേഷന്‍ നേടിയെടുത്തത്. സി.പി.ഐ.എമ്മിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ഭരണഘടനാവിരുദ്ധമാണെന്നും നിയമവിരുദ്ധ കാര്യങ്ങള്‍ക്കായാണു പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

1989 സെപ്റ്റംബറില്‍ സി.പി.ഐ.എം പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more