| Wednesday, 20th July 2022, 10:17 pm

ഷാഹി ഈദ്ഗാഹ് തര്‍ക്കം: ഹരജികള്‍ അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഷാഹി ഈദ്ഗാഹുമായി ബന്ധപ്പെട്ട കേസില്‍ ഹരജികള്‍ അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പള്ളിയും ചുറ്റുവട്ടവും അളന്ന് ചിട്ടപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജികളാണ് അടുത്ത മാസം പരിഗണക്കുമെന്ന് കോടതി വ്യക്തമാക്കിയത്. മഥുര കോടതിയായിരിക്കും ഹരജി പരിഗണിക്കുക. ഓഗസ്റ്റ് 16ന് ഹരജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സര്‍വേ ആവശ്യപ്പെട്ടുള്ള അപേക്ഷയും സ്യൂട്ടിലെ എതിര്‍പ്പുകളും മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി മഥുരയിലെ സിവില്‍ സീനിയര്‍ ഡിവിഷന്‍ ജഡ്ജിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ബുധനാഴ്ച പ്രാദേശിക കോടതിയിലും സമര്‍പ്പിച്ചിരുന്നു.

മഥുര കോടതി ജഡ്ജി ജ്യോതി സിങ് ആണ് ഹരജികള്‍ പരിഗണിക്കുക. ഭഗ്‌വാന്‍ ശ്രീകൃഷ്ണ വിരജ്മാനും മൂന്ന് പേരും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് വി. സി. ദീക്ഷിതായിരുന്നു വിധി പ്രസ്താവിച്ചത്.

ഷാഹി ഈദ്ഗാഹിലും ജഹനാരയുടെ പള്ളിയിലും ശാസ്ത്രീയായി അന്വേഷണം നടത്താന്‍ സിവില്‍ ജഡ്ജിയുടെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിഷ് അഗര്‍വാള്‍ കോടതിയെ ബോധിപ്പിച്ചു. 2021 ഏപ്രില്‍ 14 ന് സമര്‍പ്പിച്ച ഹരജിയിലാണ് ഇതുവരെ ഇടപെട്ടിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞത്.

മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ കോടതിയെ സമീപിച്ചിരുന്നു.
17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പളളി കൃഷ്ണ ജന്മഭൂമി എന്ന് ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്ന സ്ഥലത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയില്‍ നിര്‍മിച്ചതെന്നാണ് ഹരജിക്കാരുടെ വാദം.

വിശ്വാസികള്‍ എന്ന നിലയ്ക്ക് ഭഗവാന്‍ കൃഷ്ണന്റെ ജന്മഭൂമി തിരികെ പിടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഖ്നൗ സ്വദേശിനിയായ രഞ്ജന അഗ്‌നിഹോത്രിയാണ് ഹരജി സമര്‍പ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് നടത്തിയിരുന്നുവെന്നും എന്നാല്‍ അത് ശരിയായ രീതിയിലൂടെയായിരുന്നില്ലെന്നും അഭിഭാഷകനായ ഗോപാല്‍ ഖണ്ഡേല്‍വാല്‍ കോടതിയില്‍ പറഞ്ഞു.

1991ലെ ആരാധനാലയ നിയമപ്രകാരം കേസ് പരിഗണിക്കാനാകില്ലെന്ന് നേരത്തെ മഥുര സിവില്‍ കോടതി വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് നിലനിന്നിരുന്നത് പോലെ ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമം.

പുരാതന ക്ഷേത്ര അവശിഷ്ടങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതെന്ന് ആരോപിക്കപ്പെടുന്ന ബാബരി മസ്ജിദിനെ മാത്രമായിരുന്നു നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നത്. നീണ്ട കാലത്തെ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ രാമക്ഷേത്രത്തിനായി ബാബരി സ്ഥിതി ചെയ്തിരുന്ന സ്ഥലം ഹരജിക്കാരനായ രാംലല്ലയ്ക്ക് കൈമാറിയിരുന്നു.
പള്ളി നിര്‍മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.

മഥുര കേസ് ഏറ്റെടുക്കാന്‍ കോടതി ആദ്യം വിസമ്മതിച്ചിരുന്നു. കേസ് കോടതി അംഗീകരിച്ചാല്‍ നിരവധി വിശ്വാസികള്‍ ഇത്തരത്തില്‍ പല കേസുകളുമായി കോടതിയെ സമീപിക്കുമെന്ന് ചൂണിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കോടതി വിധിയ്ക്കെതിരെ ഹരജിക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു.

Content Highlight: Plea on Shahi idgah will be considered by august

We use cookies to give you the best possible experience. Learn more