| Thursday, 6th April 2017, 4:43 pm

ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം സമരത്തിനെത്തിയ തോക്കു സ്വാമിയും കെ.എം ഷാജഹാനുമുള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തോടുമൊപ്പം സമരം ചെയ്യാനെത്തിയവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.പൊതുപ്രവര്‍ത്തകരായ
എസ്.യു.സി.ഐ നേതാവ് ഷാജീര്‍ഖാന്‍, ശ്രീകുമാര്‍, മിനി ,കെഎം ഷാജഹാന്‍,എന്നിവരുടെയും ഹിമവല്‍ ഭദ്രാനന്ദ്രയുടെയും ജാമ്യപേക്ഷകളാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇവരെ അറിയില്ലെന്ന ജിഷ്ണുവിന്റെ ബന്ധുക്കളുടെ മൊഴി പ്രാസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതും സമരത്തില്‍ ഇവര്‍ ബാഹ്യ ഇടപെടല്‍ നടത്തിയെന്ന റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരുന്നു ജാമ്യം നിഷേധിച്ചത്

മഹിജയ്‌ക്കൊപ്പം പ്രതിഷേധത്തിനെത്തിയ പൊതു പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊതു പ്രവര്‍ത്തകരായവരെ പ്രശ്‌നക്കാരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. അറസ്റ്റിലായ കെ.എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഷാജഹാന്‍ അടക്കം അറസ്റ്റിലായ അഞ്ചു പേരെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു 87 കാരിയായ അമ്മയുടെ നിരാഹാരത്തിന് തയ്യാറാകുന്നതെന്നായിരുന്നു വാര്‍ത്തകള്‍.


Also Read: വീരുവിനോട് മുട്ടാന്‍ നിക്കല്ലേ; ‘നാല് ഓവര്‍ പന്തെറിയാന്‍ ആരാണ് നാല് കോടി തരിക’; ഇശാന്തിനെ പരിഹസിച്ച ഗംഭീറിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് സെവാഗിന്റെ മറുപടി


അറസ്റ്റിലായവരില്‍ ഹിമവല്‍ ഭദ്രാനന്ദ ഒഴികെയുള്ള നാലു പേരുടേയും പേരുകളില്‍ ഇതുവരേയും ഒരു കേസും രേഖപ്പെടുത്തിയിട്ടില്ല. നാലു പേരും പൊതു പ്രവര്‍ത്തകരാണ്. ഷാജഹാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളുമാണ്. ഈ സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നിലെ ധാര്‍മ്മികതയെന്തെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

കെ.എം. ഷാജഹാന് പുറമെ എസ്.യു.സി.ഐയുടെ പ്രവര്‍ത്തകനായ ഷാജര്‍ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിനുപിന്നില്‍ ബാഹ്യഇടപെടല്‍ ഉണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.

We use cookies to give you the best possible experience. Learn more