ഇടക്കാല ബജറ്റ് ഭരണഘടനാ വിരുദ്ധം; കേന്ദ്ര ബജറ്റ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി
budget 2019
ഇടക്കാല ബജറ്റ് ഭരണഘടനാ വിരുദ്ധം; കേന്ദ്ര ബജറ്റ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st February 2019, 11:02 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയാണ് ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാല്‍ ബജറ്റ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ഭരണഘടനാ പ്രകാരം പൂര്‍ണ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കാന്‍ മാത്രമേ സാധിക്കൂവെന്നാണ് ഹരജിയില്‍ അഡ്വ. മനോഹര്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി തീരാന്‍ കുറച്ചുകാലം മാത്രം ബാക്കിനില്‍ക്കേ സര്‍ക്കാരിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കുറഞ്ഞ കാലത്തേക്കുള്ള ഭരണ ചിലവുകള്‍ക്കായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനേ സാധിക്കൂവെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇടക്കാല ബജറ്റ് എന്നൊരു സംവിധാനം ഭരണഘടനാനുസൃതം അല്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

ചികിത്സക്കായി അവധിയെടുത്ത ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പകരം മന്ത്രി പീയൂഷ് ഗോയലാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. കര്‍ഷകര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും കൂടുതല്‍ ഇളവുകളും ആനൂകൂല്യങ്ങളും പ്രഖ്യാപിക്കുന്നതായിരുന്നു ബജറ്റ്.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബജറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി മനോഹര്‍ ലാല്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി പറഞ്ഞിരുന്നു.

“കര്‍ഷകര്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, രണ്ടോ മൂന്നോ കോടി കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധിയിലൂടെ 12 കോടി കര്‍ഷകര്‍ക്കാണ് ഗുണഫലം ലഭിക്കാന്‍ പോകുന്നത്. അതുപോലെ തന്നെയാണ് നികുതി ദായകരുടെ കാര്യവും.

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നികുതി നല്‍കിവരുന്ന മധ്യ- വരേണ്യ വര്‍ഗക്കാര്‍ നാടിന്റെ അഭിമാനമാണ്. അവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു അഞ്ച് ലക്ഷം വരെയുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നത്. സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും” മോദി ബജറ്റ് സമ്മേളനം കഴിഞ്ഞ് പറഞ്ഞിരുന്നു.