ന്യൂദല്‍ഹി: 1976 ലെ ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലുള്‍പ്പെടുത്തിയ വാക്കുകളാണ് സോഷ്യലിസം, മതേതരത്വം, അഖണ്ഡത. എന്നാല്‍ ഇപ്പോള്‍ ആമുഖത്തിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു ഹരജി സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്.
ഭരണഘടന സിദ്ധാന്തങ്ങള്‍ക്കും ഇന്ത്യയുടെ ചരിത്രപരവും സാംസ്‌കരികഘടകങ്ങള്‍ക്കും വിരുദ്ധമായാണ് ഈ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതിന് തുല്യമാണ്- എന്നാണ് ഹരജിയില്‍ പറയുന്നത്.
ഇന്ത്യ എന്ന മഹത്തായ റിപ്പബ്ലിക്ക്, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നാഗരികത- മത സങ്കല്‍പ്പം. ധര്‍മ്മം എന്ന മഹത്തായ ആശയം പിന്‍തുടരുന്ന സാമൂഹ്യസ്ഥിതി.
ഇത്തരത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ആശയത്തിന് എതിരായാണ് സോഷ്യലിസം എന്ന കമ്യൂണിസ്റ്റ് ആശയത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍. ഇത് ഇന്ത്യയിലെ മതപരമായ വികാരങ്ങളോ സാമൂഹിക സാമ്പത്തിക അവസ്ഥകളെയോ പ്രതിനിധീകരിക്കുന്നതല്ല- ഹരജിയില്‍ പറയുന്നു.
അഭിഭാഷകരായ കരുണേഷ് കുമാര്‍ ശുക്ല, പ്രവേഷ് കുമാര്‍ എന്നിവരാണ് ഇതു സംബന്ധിച്ച ഹരജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഭരണഘടനയിലെ സെക്ഷന്‍ 2(a) യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യുവാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമന്നാണ് ഹരജിക്കാരിലൊരാളായ പ്രവേഷ് കുമാര്‍ പറഞ്ഞത്.
ഇത് സംബന്ധിച്ച് ശരിയായ നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിനും നല്‍കിയതായി ഹരജിക്കാര്‍ പറയുന്നു. ഇന്ത്യ ഒരു റിപ്പബ്ലിക് ആണ്. സോഷ്യലിസം, മതേതരത്വം എന്നിവ രാജ്യത്തിന്റെ പരമാധികാരമെന്ന ആശയത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്.
അതേസമയം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും, രാഷ്രീയ- സാമൂഹിക സംഘടനകളുടെ ആശങ്ങളോടും യോജിച്ചുപോകുന്നതല്ല ഈ രണ്ട് ആശയങ്ങളെന്നും ഹരജിക്കാര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക