കേന്ദ്ര നിയമങ്ങള്‍ക്ക് ഹിന്ദി, സംസ്‌കൃത പേരുകള്‍ നല്‍കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; കേരള ഹൈക്കോടതിയില്‍ ഹരജി
Kerala News
കേന്ദ്ര നിയമങ്ങള്‍ക്ക് ഹിന്ദി, സംസ്‌കൃത പേരുകള്‍ നല്‍കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; കേരള ഹൈക്കോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2024, 12:20 pm

എറണാകുളം: കേന്ദ്ര നിയമങ്ങള്‍ക്ക് ഹിന്ദി, സംസ്‌കൃത ഭാഷയിലുള്ള പേരുകള്‍ നല്‍കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ പി.വി. ജീവേഷ് ആണ് ഹരജി നല്‍കിയത്.

പൊതു തപാരായ ഹരജിയയാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരജി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ അടക്കമുള്ള ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.

ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ തെളിവ് നിയമം, ക്രിമിനല്‍ നടപടി നിയമം എന്നിവയെ യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിങ്ങനെ മാറ്റാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഹിന്ദിയെ ദേശീയ ഭാഷയായി ഭരണഘടന അംഗീകരിച്ചിട്ടില്ല. ഭരണഘടനയുടെ 348 അനുച്ഛേദ പ്രകാരം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും പാസാക്കപ്പെടുന്ന നിയമങ്ങളും ഇംഗ്ലീഷ് ഭാഷയില്‍ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ആയതിനാല്‍ നിയമത്തിന്റെ പേരുകളും ഇംഗ്ലീഷ് ഭാഷയില്‍ തന്നെയാകണമെന്നാണ് ഹരജിയിലെ ആവശ്യം.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 41 ശതമാനം പേർ മാത്രമേ ഹിന്ദി സംസാരിക്കുന്നുള്ളുവെന്ന് ഹരജിയിൽ പറയുന്നു. പുതിയ പേരുകൾ ഹിന്ദിയല്ലാത്തതും സംസ്‌കൃതം അല്ലാത്തതുമായ അഭിഭാഷകർക്ക് ആശയക്കുഴപ്പവും അവ്യക്തതയും ഉണ്ടാക്കുമെന്നും ഹരജി ചൂണ്ടിക്കാട്ടി.

പ്രസ്തുത ഭാഷയിൽ സംസാരിക്കുന്നവർക്ക് എല്ലാ പേരുകളും കൃത്യമായി ഉച്ചരിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ട് തന്നെ നിയമത്തിലെ ആർട്ടിക്കിൾ 19 (1) (ജി) പ്രകാരമുള്ള വ്യവസ്ഥകളെ സർക്കാർ ലംഘിക്കുന്നുവെന്നും ഹരജി വ്യക്തമാക്കി.

ജൂലൈ ഒന്നുമുതല്‍ തീരുമാനം നടപ്പിലാവുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Plea in High Court to declare move to give Hindi and Sanskrit