കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് ആണ് അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹരജി കോടതിയില്‍ സമര്‍പ്പിച്ചത്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായി എന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.
‘അവാര്‍ഡ് ജൂറി അംഗങ്ങള്‍ തന്നെ പുരസ്‌കാര നിര്‍ണയത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി. പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ സംവിധായകന്‍ വിനയന്‍ ചില തെളിവുകളും പുറത്തു വിട്ടിട്ടുണ്ട്. തന്റെ സിനിമയ്ക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് വിനയന്‍ ആരോപിക്കുന്നത്.
അക്കാദമി ചെയര്‍മാന്റെ ഭാഗത്തു നിന്നും സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായത് നിയമവിരുദ്ധമാണ്. തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം,’ ഹരജിയില്‍ ആവശ്യപ്പെടുന്നു.
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ അവസാന റൗണ്ടിലേക്ക് വരാതിരിക്കാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളുമായി ചര്‍ച്ച നടത്തി എന്ന ജൂറി അംഗമായ നേമം പുഷ്പരാജിന്റെ ഓഡിയോ ക്ലിപ് പുറത്തുവന്നിരുന്നു.
അതേസമയം രഞ്ജിത്തിനെതിരായ ആരോപണങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തള്ളിയിരുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഒരു സ്വാധീനവും ജൂറിയുടെ മേല്‍ ഉണ്ടായിട്ടില്ലെന്നു തനിക്ക് ഉത്തരവാദിത്ത ബോധത്തോടെ പറയാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
Content Highlight: Plea in High Court seeking annulment of State Film Award announcement